---
title: "വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം എട്ടായി, 58 പേർ ചികിത്സയിൽ"
english_title: "Five more children in Wayanad test positive for Shigella; total number of infected people rises to eight, 58 under treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365128/five-more-children-in-wayanad-test-positive-for-shigella-total-number-of-infected-people-rises-to-eight-58-under-treatment"
published_at: "2026-06-10T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2936006347e_Five_more_children_in_Wayanad_test_positive_for_Shigella.jpg"
keywords: ["Latest News", "Shigella", "Wayanad", "Kerala Health Department"]
---

# വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം എട്ടായി, 58 പേർ ചികിത്സയിൽ

> **Lead Summary:** കൽപ്പറ്റ : വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർബസേലിയോസ് എയുപി സ്കൂൾ വിദ്യാർഥികൾക്കാണ് രോഗബാധ. കഴിഞ്ഞ ഏഴിന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇതേ സ്കൂളിലെ തന്നെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ടായി. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

## Article Content

കൽപ്പറ്റ : വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർബസേലിയോസ് എയുപി സ്കൂൾ വിദ്യാർഥികൾക്കാണ് രോഗബാധ. കഴിഞ്ഞ ഏഴിന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇതേ സ്കൂളിലെ തന്നെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ടായി. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

നിലവിൽ 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്‌. രണ്ട്‌ രക്ഷിതാക്കളും ഒരു അധ്യാപികയും ചികിത്സയിലാണ്. മാർബസേലിയോസ്‌ എയുപി സ്‌കൂളിലെ 470 വിദ്യാർഥികൾ ഷിഗല്ല ലക്ഷണങ്ങളായ വയറിളക്കവും ചർദ്ദിയും പനിയുമായി ചികിത്സ തേടി. കഴിഞ്ഞ മൂന്ന്‌ മുതൽ വിദ്യാർഥികൾ ആശുപത്രിയിൽ എത്തുന്നതാണ്‌. പ്രതിരോധ നടപടികൾ പാളിയതിനാൽ ഒരാഴ്‌ച പിന്നിട്ടിട്ടും രോഗം നിയന്ത്രണവിധേയമാക്കാനായില്ല.

രോഗ ലക്ഷണങ്ങളോടെ ആറ്‌ ദിവസമായി വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിട്ടും ആരോഗ്യവകുപ്പോ, സർക്കാരോ ഗ‍ൗരവത്തിൽ കണ്ടില്ല. തിങ്കൾ വൈകിട്ട്‌ രണ്ട്‌ കുട്ടികൾക്ക്‌ രോഗം സ്ഥിരീകരിക്കുന്നതുവരെ അലംഭാവം തുടർന്നു. അതിവേഗത്തിൽ പടരുന്ന പകർച്ചവ്യാധിയായിട്ടും സമീപ ജില്ലയായ കോഴിക്കോട്‌ നാലുവയസ്സുകാരൻ ഷിഗെല്ല ബാധിച്ച്‌ മരിച്ചിട്ടും അതിനൊത്ത ജാഗ്രതയുണ്ടായില്ല.

വസ്‌തുതകൾ മനസ്സിലാക്കാതെ പത്രസമ്മേളനം നടത്തി ആരോഗ്യമന്ത്രി കെ മുരളീധരനും ജനങ്ങളെ ആശങ്കയിലാക്കി. 21 വിദ്യാർഥികൾക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചെന്നാണ്‌ മന്ത്രി പറഞ്ഞത്‌. മന്ത്രിയുടെ പ്രഖ്യാപനം രക്ഷിതാക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കി. 21 പേരുടെ സാമ്പിൾ മാത്രമാണ്‌ പരിശോധനയ്‌ക്ക്‌ എടുത്തത്‌. ഇതിൽ ഫലം വന്ന മൂന്നും ഷിഗെല്ല പോസിറ്റീവായി. പരിശോധനാ ഫലംവരുന്നതുവരെയെങ്കിലും കാത്തുനിൽക്കാൻ തയ്യാറാകാതെ വിദ്യാർഥികളെ ആശുപത്രികളിൽനിന്ന്‌ ഡിസ്‌ചാർജ്‌ ചെയ്‌തു. വീടുകളിൽ ജാഗ്രത നിർദേശം നൽകിയില്ല. മറ്റുകുട്ടികൾ പതിവുപോലെ വിദ്യാലയങ്ങളിൽ പോയി. കുടുംബാംഗങ്ങളും പൊതുസമ്പർക്കത്തിലായിരുന്നു. ദിവസങ്ങൾ വൈകി ചൊവ്വാഴ്‌ചയാണ്‌ പ്രതിരോധ നടപടികളിലേക്ക്‌ സർക്കാർ കടന്നത്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365128/five-more-children-in-wayanad-test-positive-for-shigella-total-number-of-infected-people-rises-to-eight-58-under-treatment)