---
title: "'മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ്'; പിണറായി വിജയനെ 'മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് വി.ഡി സതീശൻ, തൊട്ടുപിന്നാലെ തിരുത്ത്"
english_title: "V.D. Satheesan calls Pinarayi Vijayan 'Chief Minister'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365119/vd-satheesan-calls-pinarayi-vijayan-chief-minister"
published_at: "2026-06-10T14:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1964e057255_VDSATHEESAN.jpg"
keywords: ["Latest News", "Thiruvanandapuram", "VD Satheesan", "Pinarayi Vijayan"]
---

# 'മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ്'; പിണറായി വിജയനെ 'മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് വി.ഡി സതീശൻ, തൊട്ടുപിന്നാലെ തിരുത്ത്

> **Lead Summary:** **തിരുവനന്തപുരം: [**വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി സതീശന് ചെറിയൊരു നാക്കുപിഴ സംഭവിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കുന്നതിനിടയിലാണ് സതീശൻ അദ്ദേഹത്തെ 'മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചത്.

## Article Content

**തിരുവനന്തപുരം: [**വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി സതീശന് ചെറിയൊരു നാക്കുപിഴ സംഭവിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കുന്നതിനിടയിലാണ് സതീശൻ അദ്ദേഹത്തെ 'മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചത്.

എന്നാൽ അബദ്ധം മനസ്സിലായ ഉടൻ തന്നെ അദ്ദേഹം 'മുൻ മുഖ്യമന്ത്രി' എന്ന് തിരുത്തുകയും ചെയ്തു. നേമത്തെ വോട്ടിംഗ് ശതമാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കിടയിലായിരുന്നു ഈ സംഭവം.

കോൺഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് തങ്ങൾ ജയിച്ചത് എന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനും എൽ.ഡി.എഫിനും നേമത്ത് വോട്ട് കുറഞ്ഞിട്ടുണ്ടെന്ന വസ്തുത താൻ സഭയിൽ മറുപടിയായി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിനിടയിലാണ് സതീശന് വീണ്ടും നാക്കുപിഴ സംഭവിച്ചത്.

'മുഖ്യമന്ത്രിക്ക് ഞാൻ സഭയിൽ മറുപടി കൊടുത്തു' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ഇടപെട്ട് 'മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ്' എന്ന് തിരുത്തിച്ചുകൊടുക്കുകയായിരുന്നു.

തുടർന്ന് സംസാരിച്ച വി.ഡി സതീശൻ, ചാത്തന്നൂരിലും കഴക്കൂട്ടത്തും തങ്ങളുടെ വോട്ട് കൂടിയെന്നും സി.പി.എമ്മിന്റെ വോട്ടാണ് കുറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലാണ് വോട്ട് ചോർന്നതെന്നും, തങ്ങളുടെ ഉറച്ച സീറ്റുകൾ വെള്ളിത്താലത്തിലാക്കി ബി.ജെ.പിക്ക് കൈമാറുകയാണ് അവർ ചെയ്തതെന്നും ഇത് വ്യക്തമായ ബി.ജെ.പി - സി.പി.എം ഡീലാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ പുറത്തിറക്കിയ ധവളപത്രം തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും അദ്ദേഹം ശക്തമായ മറുപടി നൽകി.

പത്തുദിവസം കൊണ്ട് 172 പേജുള്ള ധവളപത്രം എങ്ങനെ പുറത്തിറക്കി എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് ഈ സർക്കാരിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ റിപ്പോർട്ട് തയ്യാറാക്കാൻ എ.ഐ ഉപയോഗിച്ചിട്ടില്ലെന്നും, ഇനി അഥവാ ഉപയോഗിച്ചാൽ തന്നെ അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. വരും ദിവസങ്ങളിൽ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഭരണമാണ് വരാൻ പോകുന്നത് എന്നും അതിനായി എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും, ഇതിനാവശ്യമായ വിദഗ്ധരെ സർക്കാർ ഇതിനകം തന്നെ ചുമതലപ്പെടുത്തിക്കഴിഞ്ഞുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365119/vd-satheesan-calls-pinarayi-vijayan-chief-minister)