---
title: "ആരും പൈസ കൊടുക്കല്ലേ ....: 'പഠിപ്പിക്കാമെന്ന് പറഞ്ഞ് ഭിക്ഷാടനം, ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂര മർദ്ദനം'; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, കേസെടുക്കാൻ സിഡബ്ല്യുസി"
english_title: "Haripad begging mafia, statement of a child who escaped from the begging gang, CWC"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365049/haripad-begging-mafia-statement-of-a-child-who-escaped-from-the-begging-gang-cwc"
published_at: "2026-06-10T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28f8bc452ee_BOY_ALONE.jpg"
keywords: ["Haripad Begging Mafia", "Begging Gang", "CWC", "Escaped"]
---

# ആരും പൈസ കൊടുക്കല്ലേ ....: 'പഠിപ്പിക്കാമെന്ന് പറഞ്ഞ് ഭിക്ഷാടനം, ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂര മർദ്ദനം'; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, കേസെടുക്കാൻ സിഡബ്ല്യുസി

> **Lead Summary:** **ആലപ്പുഴ: ** ഹരിപ്പാട് ഭിക്ഷാടന മാഫിയയുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേസ് എടുത്ത് അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് (എസ്പി) നിർദ്ദേശം നൽകി ശിശുക്ഷേമസമിതി (സിഡബ്ല്യുസി).

## Article Content

**ആലപ്പുഴ: ** ഹരിപ്പാട് ഭിക്ഷാടന മാഫിയയുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേസ് എടുത്ത് അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് (എസ്പി) നിർദ്ദേശം നൽകി ശിശുക്ഷേമസമിതി (സിഡബ്ല്യുസി).

കഴിഞ്ഞ ദിവസം സമിതിയുടെ സംരക്ഷണയിലായ കുട്ടിയിൽ നിന്ന് രേഖപ്പെടുത്തിയത് സംസ്ഥാനവ്യാപകമായി വേരുകളുള്ള വലിയൊരു റാക്കറ്റിന്റെ വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ ഗീത വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്ന് കുട്ടികളെ ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ വാഗ്ദാനം ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന വൻ മാഫിയയാണ് ഇതിന് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി.

കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നല്‍കാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്. സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ റാക്കറ്റാണെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

ബാങ്കുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നിലാണ് ഭിക്ഷാടനം നടത്തുന്നത്. 14കാരന്‍ ഒരു മാസം മുമ്പ് തൂത്തുക്കുടിയിലെ അനാഥാലയത്തില്‍ നിന്നാണ് കേരളത്തിലെത്തിയത്. കുട്ടിക്കൊപ്പം അനുജനെയും എത്തിച്ചിട്ടുണ്ട്. ഇരുവരെയും ചെറിയച്ഛന്‍ അന്തോണിയാണ് ഹരിപ്പാടെത്തിച്ചത്. അനുജന്‍ ഇപ്പോഴും ഭിക്ഷാടന സംഘത്തില്‍ തന്നെ ഉണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

വരുമാനം കുറഞ്ഞാല്‍ ക്രൂരമര്‍ദ്ദനമുണ്ടാകാറുണ്ടെന്നും കുട്ടി പറഞ്ഞു. ഒരു ദിവസം 1500 രൂപയാണ് കുട്ടികള്‍ക്കുള്ള ടാര്‍ഗറ്റ്. 1000 രൂപയില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ കുട്ടികളുടെ തലയ്ക്ക് പുറകിലായി മര്‍ദ്ദിക്കും. മര്‍ദ്ദനം സഹിക്കാനാവാതെയാണ് 14കാരന്‍ രക്ഷപ്പെട്ട് ഓടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

പിന്നാലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷിന്റെ സഹായത്തോടെ കുട്ടി സിഡബ്ല്യുസിയില്‍ എത്തുകയായിരുന്നു. നിലവില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ തൃശ്ശൂര്‍ ഉള്ള ബാലഭവനിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഭിക്ഷാടന മാഫിയ സംഘം ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365049/haripad-begging-mafia-statement-of-a-child-who-escaped-from-the-begging-gang-cwc)