---
title: "ആ കുടുംബത്തിലെ ഒൻപതാമനും മരണത്തിന് കീഴടങ്ങി; ദില്ലിയിലെ തീപിടുത്തം, ചികിത്സയിലായിരുന്ന 70കാരനും മരിച്ചു"
english_title: "Fire breaks out in Delhi, 70-year-old man dies while undergoing treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364979/fire-breaks-out-in-delhi-70-year-old-man-dies-while-undergoing-treatment"
published_at: "2026-06-09T20:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a282fe3a22fe_delhi_fire.jpg"
keywords: ["Latest News", "Delhi Hotel Fire", "Death"]
---

# ആ കുടുംബത്തിലെ ഒൻപതാമനും മരണത്തിന് കീഴടങ്ങി; ദില്ലിയിലെ തീപിടുത്തം, ചികിത്സയിലായിരുന്ന 70കാരനും മരിച്ചു

> **Lead Summary:** **ദില്ലി: **തെക്കൻ ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ തന്റെ കുടുംബത്തിലെ എട്ട് പേർ മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, ചികിത്സയിലായിരുന്ന വയോധികനും ആശുപത്രിയിൽ മരിച്ചു.

## Article Content

**ദില്ലി: **തെക്കൻ ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ തന്റെ കുടുംബത്തിലെ എട്ട് പേർ മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, ചികിത്സയിലായിരുന്ന വയോധികനും ആശുപത്രിയിൽ മരിച്ചു.

എഴുപതുകളിലുള്ള രാധേ ശ്യാം അഗർവാൾ ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സാകേതിലെ മാക്സ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കടുത്ത രോഗബാധിതനായിരുന്ന രാധേ ശ്യാം അഗർവാൾ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

രാധേ ശ്യാം അഗർവാൾ കുറച്ചുദിവസങ്ങളായി മാക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ കുടുംബം ദില്ലിയിൽ എത്തിയത്.

ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹൗസ് റാണിയിലെ ഫ്ലറിഷ് സ്റ്റേയ്സ് എന്ന ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിൽ രാധേ ശ്യാമിന്റെ മകൻ വിവേക് അഗർവാൾ മുറികൾ വാടകയ്ക്ക് എടുക്കുകയായിരുന്നു. വിവേക് തന്റെ അമ്മ പ്രേംലത, ഭാര്യ തർജാനി, മക്കളായ ജീവിഷ, വരിയ എന്നിവർക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.

എന്നാൽ ജൂൺ മൂന്നിന് പുലർച്ചെ ഈ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ വിവേകും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും രണ്ട് പെൺമക്കളും മരണപ്പെടുകയായിരുന്നു.

ഇവർക്ക് പുറമെ വിവേകിന്റെ അമ്മയുടെ സഹോദരൻ അശോക് ഗോയൽ, അമ്മയുടെ സഹോദരി കമല, അവരുടെ ഭർത്താവ് ജിംരി എന്നിവരും ഈ ഹോട്ടലിൽ താമസിച്ചിരുന്നു. ഇവരും ആ തീപിടുത്തത്തിൽ വെന്തുമരിച്ചു. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയ തീപിടുത്തം നടക്കുമ്പോൾ രാധേ ശ്യാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364979/fire-breaks-out-in-delhi-70-year-old-man-dies-while-undergoing-treatment)