---
title: " മഴ കനക്കുന്നു, മണ്ണിടിച്ചിൽ സാധ്യത: തൃശൂർ മറ്റത്തൂരിൽ പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ക്യാമ്പ് തുറന്നു"
english_title: "Landslide risk: Families evacuated in Mattathur, Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364826/landslide-risk-families-evacuated-in-mattathur-thrissur-new-"
published_at: "2026-06-09T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a279d5903d3c_ain.jpg"
keywords: []
---

#  മഴ കനക്കുന്നു, മണ്ണിടിച്ചിൽ സാധ്യത: തൃശൂർ മറ്റത്തൂരിൽ പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ക്യാമ്പ് തുറന്നു

> **Lead Summary:** **തൃശൂർ: **ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

## Article Content

**തൃശൂർ: **ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മറ്റത്തൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന കോടശ്ശേരി മലയോര പ്രദേശങ്ങളിലുള്ളവർക്കാണ് പ്രധാനമായും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വില്ലേജ്-പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ വാഹനങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയത്.

മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് പത്തോളം കുടുംബങ്ങളെയാണ് ഈ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇവർക്കായി ഗവൺമെന്റ് എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. നിലവിൽ 21ൽ അധികം ആളുകൾ ഈ ക്യാമ്പിൽ കഴിയുന്നുണ്ട്.

ഇതിനുപുറമെ, മറ്റ് അഞ്ച് കുടുംബങ്ങൾ അവരുടെ ബന്ധുവീടുകളിലേക്കും മാറിത്താമസിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ കാവനാട് പ്രദേശത്തുനിന്നുള്ള നാല് കുടുംബങ്ങളിലെ 14 പേരെ സുരക്ഷാ മുൻകരുതലായി കാവനാട് ഗ്രാമമന്ദിരത്തിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ക്യാമ്പുകളിലേക്ക് മാറിയവർക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് അധികൃതരും ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പുകളിലെത്തി ആളുകളുടെ ആരോഗ്യ പരിശോധനകൾ നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്.

തൃശൂർ ജില്ലയിലെ കുന്നംകുളം, ചാവക്കാട്, ഇരിങ്ങാലക്കുട തുടങ്ങിയ വിവിധ ഭാഗങ്ങളിലും നഗരത്തിലും മഴ ഇപ്പോഴും തുടരുകയാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ളവർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364826/landslide-risk-families-evacuated-in-mattathur-thrissur-new-)