---
title: "പ്ലസ്ടു കഴിഞ്ഞവർക്ക് ബമ്പർ ഓഫർ; കാലിക്കറ്റ് സർവകലാശാലയിൽ 5 വർഷ ഇന്റഗ്രേറ്റഡ് പിജിക്ക് അപേക്ഷിക്കാം"
english_title: "5-year Integrated PG at Calicut University"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364811/5-year-integrated-pg-at-calicut-university"
published_at: "2026-06-09T09:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a279079998bf_CALICUT_UNIVERSITY.jpg"
keywords: ["Latest News", "Education", "University Of Calicut", "5-year integrated PG"]
---

# പ്ലസ്ടു കഴിഞ്ഞവർക്ക് ബമ്പർ ഓഫർ; കാലിക്കറ്റ് സർവകലാശാലയിൽ 5 വർഷ ഇന്റഗ്രേറ്റഡ് പിജിക്ക് അപേക്ഷിക്കാം

> **Lead Summary:** **തേഞ്ഞിപ്പലം: [ **പ്ലസ്ടുവിന് ശേഷം ഡിഗ്രിയും പിജിയും ഒന്നിച്ച് തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റ് ചെയ്ത അഞ്ച് ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

## Article Content

**തേഞ്ഞിപ്പലം: [ **പ്ലസ്ടുവിന് ശേഷം ഡിഗ്രിയും പിജിയും ഒന്നിച്ച് തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റ് ചെയ്ത അഞ്ച് ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

പത്ത് സെമസ്റ്ററുകളിലായി അഞ്ച് വർഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. എന്നാൽ മൂന്ന് വർഷം (ആറാം സെമസ്റ്റർ) കഴിയുമ്പോൾ കോഴ്‌സ് നിർത്താൻ ആഗ്രഹിക്കുന്നവർക്ക് 'എക്‌സിറ്റ് ഓപ്ഷൻ' വഴി ഡിഗ്രി സർട്ടിഫിക്കറ്റോടെ പഠനം അവസാനിപ്പിക്കാം എന്ന വലിയ പ്രത്യേകതയും ഇതിനുണ്ട്.

ബയോളജി പഠിച്ചവർക്കായി ഇന്റഗ്രേറ്റഡ് എംഎസ്‌സി ബോട്ടണി (കംപ്യൂട്ടേഷണൽ ബയോളജി), പ്ലസ്ടു ജയിച്ചവർക്കായി ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇന്റഗ്രേറ്റഡ് എംഎ മലയാളം, ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പ്ലസ്ടു/വിഎച്ച്എസ്ഇ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജനറൽ വിഭാഗത്തിന് 520 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 220 രൂപയുമാണ് അപേക്ഷാ ഫീസ്. സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ വഴി ജൂൺ 12-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

ജനറൽ, സംവരണം, മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമായും ചെയ്തിരിക്കണം. ഇതിൽ മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ടകളിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയ്ക്ക് പുറമെ തങ്ങൾക്ക് പ്രവേശനം വേണ്ട കോളജുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ഇതിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അഡ്മിഷൻ ലഭിക്കുന്ന സമയത്ത് ഈ പ്രിന്റൗട്ടും മറ്റ് രേഖകളും കോളജിൽ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364811/5-year-integrated-pg-at-calicut-university)