---
title: "തീരദേശത്ത് കരിമണൽ ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളി യൂണിയനുകൾ"
english_title: "Protests against black sand mining in coastal areas intensify; Fishermen's unions prepare for protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364810/protests-against-black-sand-mining-in-coastal-areas-intensify-fishermens-unions-prepare-for-protest"
published_at: "2026-06-09T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27901fdd014_Fishermens_unions_prepare_for_protest.jpg"
keywords: ["Latest News", "Kerala Mining Controversy", "Black Sand Mining", "Fishermen Strucutre"]
---

# തീരദേശത്ത് കരിമണൽ ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളി യൂണിയനുകൾ

> **Lead Summary:** തിരുവനന്തപുരം: തീരദേശ മേഖലകളിൽ കരിമണൽ ഖനനം നടത്താനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെയും സർക്കാരിന്റെയും നീക്കത്തിനെതിരെ തീരദേശത്ത് പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യ കമ്പനികളെ സഹായിക്കുന്ന രീതിയിലുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിവിധ സമര സംഘടനകളുടെയും മത്സ്യത്തൊഴിലാളി യൂണിയനുകളുടെയും തീരുമാനം.

## Article Content

തിരുവനന്തപുരം: തീരദേശ മേഖലകളിൽ കരിമണൽ ഖനനം നടത്താനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെയും സർക്കാരിന്റെയും നീക്കത്തിനെതിരെ തീരദേശത്ത് പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യ കമ്പനികളെ സഹായിക്കുന്ന രീതിയിലുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിവിധ സമര സംഘടനകളുടെയും മത്സ്യത്തൊഴിലാളി യൂണിയനുകളുടെയും തീരുമാനം.

കേരളത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് വരുമാനം വർദ്ധിപ്പിക്കാനെന്ന പേരിൽ കരിമണൽ ഖനനത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. നേരത്തെ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലും സമാനമായ രീതിയിൽ കരിമണൽ ഖനനത്തിനായുള്ള നീക്കങ്ങൾ നടന്നിരുന്നു.

എന്നാൽ അന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ തീരദേശ ജനത ഒറ്റക്കെട്ടായി തെരുവിൽ ഇറങ്ങിയതോടെ സർക്കാരിന് ആ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകേണ്ടി വന്നിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ വീണ്ടും ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് സിഐടിയു നേതാവും മുൻ എംഎൽഎയുമായ പി പി ചിത്തരഞ്ജൻ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് എത്തി സ്വകാര്യ കമ്പനികളുടെ ഇടനിലക്കാരുമായി രഹസ്യ ചർച്ച നടത്തിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രതിപക്ഷവും സമരസമിതികളും ഈ വിഷയം ഉയർത്തിയിട്ടും ഇതുവരെ യാതൊരുവിധ വിശദീകരണവും നൽകാൻ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ തയ്യാറായിട്ടില്ല.

കേരളത്തിന്റെ അധികാരപരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈലിനുള്ളിൽ ഖനനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര സഹായത്തോടെ സ്വകാര്യ കമ്പനികളെ മുൻനിർത്തിയാണ് ഖനന നീക്കം. തീരദേശത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഈ പദ്ധതിക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364810/protests-against-black-sand-mining-in-coastal-areas-intensify-fishermens-unions-prepare-for-protest)