---
title: "മാട്രിമോണിയൽ സൈറ്റിലൂടെ ഡോക്ടറെ വീഴ്ത്തി; കംബോഡിയൻ തട്ടിപ്പ് സംഘത്തിന്റെ മലയാളി 'ടീം ലീഡർ' കൊച്ചിയിൽ പിടിയിൽ"
english_title: "Malayali 'team leader' of Cambodian fraud gang, fraud through matrimonial site"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364807/Malayali-team-leader'-of-Cambodian-fraud-gang-fraud-through-matrimonial-site"
published_at: "2026-06-09T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a278eaceb8a6_CYBER_FRAUD.jpg"
keywords: ["Latest News", "Ernakulam", "Matrimonial site", "Cambodian Fraud Gang"]
---

# മാട്രിമോണിയൽ സൈറ്റിലൂടെ ഡോക്ടറെ വീഴ്ത്തി; കംബോഡിയൻ തട്ടിപ്പ് സംഘത്തിന്റെ മലയാളി 'ടീം ലീഡർ' കൊച്ചിയിൽ പിടിയിൽ

> **Lead Summary:** **കൊച്ചി:[ **മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ് നടത്തിവന്ന കംബോഡിയൻ സംഘത്തിലെ മലയാളി കണ്ണി കൊച്ചി സിറ്റി സൈബർ പോലീസിന്റെ വലയിലായി.

## Article Content

**കൊച്ചി:[ **മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ് നടത്തിവന്ന കംബോഡിയൻ സംഘത്തിലെ മലയാളി കണ്ണി കൊച്ചി സിറ്റി സൈബർ പോലീസിന്റെ വലയിലായി.

മലപ്പുറം തൂത സ്വദേശിയായ അബ്ദു റഹ്‌മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് വർഷം മുൻപ് ജോലി തേടി കംബോഡിയയിലെത്തിയ ഇയാൾ ചൈനീസ് തട്ടിപ്പ് സംഘത്തിന്റെ കമ്പനിയിൽ ചേരുകയായിരുന്നു.

തുടക്കത്തിൽ ഇരകളെ കണ്ടെത്തി സന്ദേശങ്ങൾ അയക്കുന്ന ജോലിയായിരുന്നു ഇയാൾക്ക്. എന്നാൽ തട്ടിപ്പിലെ 'മികച്ച പ്രകടനം' മുൻനിർത്തി ചൈനീസ് സംഘം ഇയാളെ ടീം ലീഡറായി ഉയർത്തി.

ഇതോടെ ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റായും ഇയാൾ മാറി. ഒരാളെ കംബോഡിയയിലെത്തിച്ചാൽ 3,000 ഡോളർ വരെ കമ്മീഷൻ ലഭിച്ചിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കൊച്ചിയിലെ ഒരു ഡോക്ടറെ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട്, 'ഭാവി വധു'വെന്ന വ്യാജേന സംസാരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതോടെയാണ് ഇയാൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

മുൻപ് സോഷ്യൽ മീഡിയയിലെ ഓഹരി നിക്ഷേപ പരസ്യങ്ങളും ലോൺ ആപ്പുകളും വഴിയായിരുന്നു ഈ സംഘം ഇരകളെ വലയിലാക്കിയിരുന്നത്. എന്നാൽ സൈബർ സുരക്ഷാ മുന്നറിയിപ്പുകൾ ശക്തമായതോടെ ആളുകൾ ജാഗ്രത പാലിക്കാൻ തുടങ്ങി.

ഇതോടെയാണ് തട്ടിപ്പുകാർ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകളിലേക്ക് കളം മാറ്റിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആകർഷകമായ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇവരുടെ രീതി.

വിവാഹം കഴിക്കാമെന്ന ഉറപ്പിൽ വിശ്വസ്തത നേടിയ ശേഷം, 'ഭാവി ജീവിത സുരക്ഷയ്ക്കായുള്ള സമ്പാദ്യം' എന്ന പേരിൽ വ്യാജ ട്രേഡിങ് ആപ്പുകളിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും. വരാൻ പോകുന്ന പങ്കാളിയുടെ വാക്കുകൾ വിശ്വസിച്ചും ഉയർന്ന ലാഭം മോഹിച്ചും നിരവധി പേരാണ് ഈ കെണിയിൽ വീഴുന്നത്.

തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിൽ മാട്രിമോണിയൽ സൈറ്റുകളിൽ സജീവമായിരുന്ന ആയിരത്തിലധികം വ്യാജ പ്രൊഫൈലുകൾ കൊച്ചി സൈബർ പോലീസ് ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.

തട്ടിപ്പിലൂടെ നേടുന്ന പണം ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്താൻ അതീവ സുരക്ഷിതമായ വഴികളാണ് ഈ അന്താരാഷ്ട്ര സംഘം ഉപയോഗിക്കുന്നത്. കംബോഡിയയിലുള്ള പ്രവാസികൾ നാട്ടിലേക്ക് കുഴൽപ്പണമായി അയക്കാൻ ഏൽപ്പിക്കുന്ന തുക അവിടെയുള്ള തട്ടിപ്പ് സംഘം നേരിട്ട് കൈപ്പറ്റും.

പകരം, ഇന്ത്യയിലെ സൈബർ തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം നാട്ടിലുള്ള പ്രവാസികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യും. ഇതിനുപുറമെ, തട്ടിപ്പ് പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിവിധ വിദേശ എക്സ്ചേഞ്ചുകൾ വഴി വെളുപ്പിച്ചെടുക്കുന്ന രീതിയും ഇവർക്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെടുന്നവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364807/Malayali-team-leader'-of-Cambodian-fraud-gang-fraud-through-matrimonial-site)