---
title: "വിലകൂട്ടി വിറ്റാൽ പണിപാളും.....!  കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ വാങ്ങി, ബെവ്‌കോയ്ക്ക് കിട്ടിയത് കാൽ ലക്ഷം രൂപയുടെ പണി!"
english_title: "Bevco, liquor bottle, selling price, charging more, Kerala State Beverages Corporation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364802/bevco-liquor-bottle-selling-price-charging-more-kerala-state-beverages-corporation"
published_at: "2026-06-09T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a278745b7bb5_BEVCO.jpg"
keywords: []
---

# വിലകൂട്ടി വിറ്റാൽ പണിപാളും.....!  കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ വാങ്ങി, ബെവ്‌കോയ്ക്ക് കിട്ടിയത് കാൽ ലക്ഷം രൂപയുടെ പണി!

> **Lead Summary:** **പത്തനംതിട്ട: **മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതിന് കേരള സ്റ്റേറ്റ് ബെവറജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരേ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നടപടി.

## Article Content

**പത്തനംതിട്ട: **മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതിന് കേരള സ്റ്റേറ്റ് ബെവറജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരേ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നടപടി.

പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തിൽ എ.ടി. ആകാശ് സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്.

പെരുനാട് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ഹർജിക്കാരൻ 650 മില്ലി.ലിറ്റർ ബിയർ വാങ്ങിയപ്പോഴാണ് സംഭവം. ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എം.ആർ.പി. 170 രൂപ യായിരുന്നു. എന്നാൽ കൗണ്ടറിലെ ജീവനക്കാർ ബില്ല് നൽകിയത് 180 രൂപയ്ക്കാണ്.

കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരനോട്, കംപ്യൂട്ടറിലെ എം.ആർ.പി. പ്രകാരമുള്ള തുകയേ വാങ്ങാൻ കഴിയൂ എന്നും പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും ജീവനക്കാർ മറുപടി നൽകി.

പഴയ എം.ആർ.പി. രേഖപ്പെടുത്തിയ സ്റ്റോക്കുകൾ പുതിയവിലയിൽ വിൽക്കാൻ അനുമതി നൽകുന്ന ഗവൺമെന്റ് ഓർഡർ ഉണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്റെ വാദം. ഗവൺമെന്റിന്റെ ഈ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മിഷൻ കണ്ടെത്തി.

പഴയ സ്റ്റോക്കുകൾ തീരുന്നതുവരെ പുതിയ ലേബലിൽ ഉയർന്നവില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാരരീതിയാണ്. ‘ഒരു ഉപഭോക്താവിന് ആവശ്യമുള്ളപ്പോൾ സർക്കാർ ഉത്തരവുകൾ പരിശോധിക്കാൻ കഴിഞ്ഞെന്നുവരില്ല. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന എം.ആർ.പി. വില തന്നെയാണ് അന്തിമം.

എതിർകക്ഷിയുടെ ഈ നടപടി അന്യായമായ വ്യാപാരരീതിയുടെ വ്യക്തമായ തെളിവാണെന്നും ഉപഭോക്തൃ കോടതികമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 25,010 രൂപ നൽകാനാണ് വിധി. വിധിവന്ന് നിശ്ചിത സമയത്തിനകം പരാതിക്കാരന് നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364802/bevco-liquor-bottle-selling-price-charging-more-kerala-state-beverages-corporation)