---
title: "‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന പരാമർശം പിൻവലിക്കണം’; കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ"
english_title: "Women and Child Development Minister Bindu Krishna has said that BJP MP Kangana Ranaut's remarks insulting nurses, who are angels on earth, are condemnable"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364761/women-and-child-development-minister-bindu-krishna-has-said-that-bjp-mp-kangana-ranauts-remarks-insulting-nurses-who-are-angels-on-earth-are-condemnable"
published_at: "2026-06-08T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26d86a01d4b_bindhukrishna.jpg"
keywords: ["Latest News", "Minister Bindu Krishna", "Kangana Ranaut", "BJP", "Nurse"]
---

# ‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന പരാമർശം പിൻവലിക്കണം’; കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

> **Lead Summary:** **തിരുവനന്തപുരം : **ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരെ അപമാനിച്ചുകൊണ്ടുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം അപലപനീയമെന്ന് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. നേഴ്സുമാരും അവരുടെ വസ്ത്രധാരണവും ഏറ്റവും ലൈംഗികവൽക്കരിക്കപ്പെട്ട തൊഴിലാണ് എന്ന എംപിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്.

## Article Content

**തിരുവനന്തപുരം : **ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരെ അപമാനിച്ചുകൊണ്ടുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം അപലപനീയമെന്ന് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. നേഴ്സുമാരും അവരുടെ വസ്ത്രധാരണവും ഏറ്റവും ലൈംഗികവൽക്കരിക്കപ്പെട്ട തൊഴിലാണ് എന്ന എംപിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്.

എംപിയുടെ പരാമർശം ഫ്ലോറൻസ് നൈറ്റിങ്ഗേളിനെ പോലുള്ളവർ സമൂഹത്തോട് ചെയ്ത ത്യാഗപൂർണമായ പ്രവർത്തിയെ പോലും വിസ്മരിക്കുന്നതാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിയായ ഒരാൾ ഇത്തരത്തിൽ പരാമർശം നടത്തിയത് എന്നത് സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ. ഏറ്റവും പവിത്രമായ ജോലികളിൽ ഒന്നാണ് ആതുര ശുശ്രൂഷ. കാലാകാലങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തുന്നതാണ് നേഴ്സുമാരുടെ യൂണിഫോം.

കൊവിഡ്, നിപ തുടങ്ങിയ മഹാമാരി കാലത്ത് ജീവൻ വെടിഞ്ഞ ലിനിയെപോലെ അറിഞ്ഞും അറിയാതെയുമുള്ള ഒരുപാട് ആതുര ശുശ്രൂഷകർ ഉള്ള സമൂഹത്തെ മുഴുവൻ അപമാനിക്കുകയാണ് വസ്ത്രധാരണത്തിന്റെ പേരിൽ എംപി നടത്തിയത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന പരാമർശമാണ് എംപിയിൽ നിന്നും ഉണ്ടായത്.

ഇത്തരം പരാമർശങ്ങൾ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയുടെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുന്നതാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം പരാമർശം പിൻവലിച്ച് നേഴ്സുമാർ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോട് കങ്കണ റണാവത്ത് എംപി മാപ്പു പറയണം എന്ന് മന്ത്രി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364761/women-and-child-development-minister-bindu-krishna-has-said-that-bjp-mp-kangana-ranauts-remarks-insulting-nurses-who-are-angels-on-earth-are-condemnable)