---
title: "പനി ബാധിതര്‍ കൂടുന്നു; ഇന്ന് മാത്രം  ചികിത്സയ്‌ക്കെത്തിയത് 10000ലധികം പേർ, വയനാട്ടിൽ 2 കുട്ടികൾക്ക് ഷിഗെല്ല"
english_title: "Fever cases increase, 2 children in Wayanad test positive for Shigella"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364759/fever-cases-increase-2-children-in-wayanad-test-positive-for-shigella"
published_at: "2026-06-08T20:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23effb0a845_fever.jpg"
keywords: ["Latest News", "Fever", "Shigella", "Kerala"]
---

# പനി ബാധിതര്‍ കൂടുന്നു; ഇന്ന് മാത്രം  ചികിത്സയ്‌ക്കെത്തിയത് 10000ലധികം പേർ, വയനാട്ടിൽ 2 കുട്ടികൾക്ക് ഷിഗെല്ല

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പനി ബാധിതര്‍ കൂടുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 10853 പേരാണ്. ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പനി ബാധിതര്‍ കൂടുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 10853 പേരാണ്. ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്.

2117 പേരാണ് മലപ്പുറത്ത് നിന്ന് ഇന്ന് പനിക്ക് ചികിത്സ തേടിയത്. തൃശ്ശൂര്‍ ജില്ലയിലും ആയിരത്തിന് മുകളില്‍ രോഗികള്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തി. എലിപ്പനിയും ഡെങ്കിയും ബാധിച്ച് ഓരോ മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. നാലുപേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. നാളെ ഉച്ചതിരിഞ്ഞ് വയനാട്ടിലെത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. സ്ഥിതിഗതികള്‍ ഗൗരവമായി വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വയനാട് ബത്തേരിയില്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിലെ കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ പ്രദേശത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364759/fever-cases-increase-2-children-in-wayanad-test-positive-for-shigella)