---
title: "സന്തോഷായില്ലേ...!! ബിരിയാണിയിൽ ചത്ത പ്രാണി; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും 10 പ്ലേറ്റ് ബിരിയാണിയും സൗജന്യമായി നൽകാൻ ഉത്തരവ്"
english_title: "The Consumer Commission has ordered that in addition to compensation, 10 plates of biryani will be provided free of cost to the consumer who complained of finding a dead insect in biryani."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364752/the-consumer-commission-has-ordered-that-in-addition-to-compensation-10-plates-of-biryani-will-be-provided-free-of-cost-to-the-consumer-who-complained-of-finding-a-dead-insect-in-biryani"
published_at: "2026-06-08T19:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688cae5578c8a_biriyani.jpg"
keywords: ["Latest News", "Consumer Commission", "Biriyani", "Compensation"]
---

# സന്തോഷായില്ലേ...!! ബിരിയാണിയിൽ ചത്ത പ്രാണി; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും 10 പ്ലേറ്റ് ബിരിയാണിയും സൗജന്യമായി നൽകാൻ ഉത്തരവ്

> **Lead Summary:** **പുതുച്ചേരി: **ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് പുറമേ, 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകാനും ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്.

## Article Content

**പുതുച്ചേരി: **ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് പുറമേ, 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകാനും ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്.

ബിരിയാണി ആൻ്റ് കോ. എന്ന റെസ്റ്റോറൻ്റിനെതിരെ പി സുന്ദരകുമാര മണികണ്ഠൻ നൽകിയ പരാതിയിൽ പുതുച്ചേരി ജില്ലാ ഉപഭോക്തൃ ത‍‍ർക്ക പരിഹാര കമ്മീഷൻ്റേതാണ് ഉത്തരവ്.

10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട കമ്മീഷൻ, അഞ്ച് ആഴ്ചത്തേക്ക് ആഴ്ചതോറും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി പരാതിക്കാരന് നൽകാനും നി‍ർദേശിച്ചു. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് നടപടി.

കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് സുഹൃത്തിനൊപ്പം ബിരിയാണി കഴിക്കാൻ റെസ്റ്ററൻ്റിൽ എത്തിയപ്പോഴാണ് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പ്രാണിയെ പരാതിക്കാരൻ കണ്ടെത്തിയത്. ഉടൻതന്നെ പരാതിക്കാരൻ ഭക്ഷണത്തിൻ്റെ ചിത്രങ്ങളും വീഡിയോയും പകർത്തി സൂക്ഷിച്ചു.

മലിനമായ ഭക്ഷണം മൂലം മാനസിക വിഷമവും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ഭയവും ഉണ്ടായെന്നും ഉപഭോക്താവ് എന്ന നിലയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കാട്ടി പരാതിക്കാരൻ 1,30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. റെസ്റ്ററൻ്റിൻ്റെ ഭാ​ഗത്തുനിന്നുള്ള പ്രതികരണത്തിൽ അസംതൃപ്തനായ പരാതിക്കാൻ, ദൃശ്യങ്ങൾ സഹിതം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.

ദൃശ്യങ്ങൾ പരിശോധിച്ച ഉപഭോക്തൃ കമ്മീഷൻ, പരാതിക്കാരൻ ​​നൽകിയ ​ഗൂ​ഗിൾ റിവ്യൂവിന് റെസ്റ്ററൻ്റ് അധികൃത‍ർ തെറ്റ് സമ്മതിച്ചു ക്ഷമാപണം നടത്തിയ മറുപടിയും പരി​ഗണിച്ചു. സുരക്ഷിതമല്ലാതെ, മലിനമായ ഭക്ഷണം വിളമ്പിയ റെസ്റ്ററൻ്റ് കുറ്റക്കാരെന്ന് കണ്ടെത്തിയ കമ്മീഷൻ, റെസ്റ്ററൻ്റ് അധികൃതരോട് 10,000 രൂപ നഷ്ടപരിഹാരവും ചെലവിനത്തിൽ 3,000 രൂപയും നൽകാൻ ഉത്തരവിട്ടു. പരാതിക്കാരന് അഞ്ച് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചകളിലും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364752/the-consumer-commission-has-ordered-that-in-addition-to-compensation-10-plates-of-biryani-will-be-provided-free-of-cost-to-the-consumer-who-complained-of-finding-a-dead-insect-in-biryani)