---
title: "കാഫിർ സ്‌ക്രീൻഷോട്ട് കേസ്; സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പില്‍ നിന്നെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ മൊഴി"
english_title: "DYFI leader Ribesh Ramakrishnan told the investigation team that he received the Kafir screenshot from a WhatsApp group called Vadakara Squad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364749/dyfi-leader-ribesh-ramakrishnan-told-the-investigation-team-that-he-received-the-kafir-screenshot-from-a-whatsapp-group-called-vadakara-squad"
published_at: "2026-06-08T19:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26c76423518_kafir_case.jpg"
keywords: ["Latest News", "DYFI", "Ribesh Ramakrishnan", "Kafir Screenshot Case", "Vatakara", "SIT"]
---

# കാഫിർ സ്‌ക്രീൻഷോട്ട് കേസ്; സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പില്‍ നിന്നെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ മൊഴി

> **Lead Summary:** **കോഴിക്കോട് : ** കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വിവാദ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

## Article Content

**കോഴിക്കോട് : ** കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വിവാദ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നല്‍കിയിരിക്കുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസെറ്റെടുത്തത് മുതല്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു.

റിബേഷ് രാമകൃഷ്ണലേക്ക് സ്‌ക്രീന്‍ഷോര്‍ട്ട് എത്തിയത് ജിതിന്‍ ഭാസ്‌ക്കറിലൂടെ വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പ് വഴിയാണ് എന്ന സംശയമാണ് ഇപ്പോള്‍ റിബേഷിന്റെ മൊഴിയിലൂടെ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ടിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുകയാണ്.

സംഭവത്തില്‍ കൂടുതല്‍ പേരെ പൊലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ റിബേഷ് ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാം എന്നൊരു നിലപാടിലാണ് പൊലീസ്.

മറ്റ് ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പുറമേ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടതു ഗ്രൂപ്പുകളുടെ അഡ്മിന്മാരെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. മെറ്റ നല്‍കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. സ്‌ക്രീന്‍ഷോട്ട് എവിടെ നിര്‍മിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ വിവരം ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് നോട്ടീസ് നല്‍കും.

റിബേഷ് രാമകൃഷ്ണനിലെത്തിയപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. റിബേഷാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തതെന്ന് മുമ്പ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ എവിടെ നിന്നാണ് റിബേഷിന് ഇത് ലഭിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നു എന്ന് പൊലീസ് കോടതിയില്‍ മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നിലവില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിക്കാനുണ്ട്. വടകര സ്‌ക്വാഡ് അഡ്മിന്‍മാര്‍ക്ക് ഉള്‍പ്പെടെ ഈ സ്‌ക്രീന്‍ഷോട്ട് നിര്‍മാണത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരണം. ജിതിന്‍ ഭാസ്‌കതറിന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മെറ്റ നല്‍കുന്ന വിവരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ പൂര്‍ണമായൊരു നിഗമനത്തില്‍ എത്താന്‍ പൊലീസിന് കഴിയുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364749/dyfi-leader-ribesh-ramakrishnan-told-the-investigation-team-that-he-received-the-kafir-screenshot-from-a-whatsapp-group-called-vadakara-squad)