---
title: "ചിന്നക്കനാലിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന! രാവിലെ യുവതിയെ ചവിട്ടിക്കൊന്ന കാട്ടാന കുഞ്ഞിനൊപ്പം സൂര്യനെല്ലി ടൗണിന് സമീപം, തുരത്താൻ പാടുപെട്ട് ആർ.ആർ.ടി സംഘം"
english_title: "Wild elephants again enter Chinnakanal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364701/wild-elephants-again-enter-chinnakanal"
published_at: "2026-06-08T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a268d5de208e_elephant_chinnakanal.jpg"
keywords: ["Latest News", "Chinnakanal", "Elephant Attack"]
---

# ചിന്നക്കനാലിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന! രാവിലെ യുവതിയെ ചവിട്ടിക്കൊന്ന കാട്ടാന കുഞ്ഞിനൊപ്പം സൂര്യനെല്ലി ടൗണിന് സമീപം, തുരത്താൻ പാടുപെട്ട് ആർ.ആർ.ടി സംഘം

> **Lead Summary:** **ഇടുക്കി: [**[ ] ഇടുക്കി ചിന്നക്കനാൽ സിങ്കുകണ്ടത്ത് രാവിലെ മകനെ സ്കൂളിലാക്കാൻ പോയ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു.

## Article Content

**ഇടുക്കി: [**[ ] ഇടുക്കി ചിന്നക്കനാൽ സിങ്കുകണ്ടത്ത് രാവിലെ മകനെ സ്കൂളിലാക്കാൻ പോയ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു.

സൂര്യനെല്ലി ടൗണിന് തൊട്ടടുത്തുള്ള യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലാണ് കുഞ്ഞിനൊപ്പം ഈ പിടിയാന നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ ആർ.ആർ.ടി സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്താനുള്ള തീവ്രശ്രമങ്ങൾ നടത്തിവരികയാണ്.

എന്നാൽ ആനകൾ നിൽക്കുന്നത് കുത്തനെയുള്ള ചെരുവിലായതിനാൽ ഇവയെ തുരത്താനുള്ള നടപടികൾ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

രാവിലെ സിങ്കുകണ്ടത്ത് വെച്ച് മാരി എന്ന മുപ്പത്തിയാറുകാരിയുടെ ജീവനെടുത്തത് ഇപ്പോൾ ടൗണിന് സമീപമുള്ള ഇതേ പിടിയാന തന്നെയാണെന്ന് ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ ഈ പ്രദേശത്ത് പതിനെട്ടോളം കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നും, അതിൽ നിന്നും കൂട്ടംതെറ്റി മാറിയ പിടിയാനയും കുഞ്ഞുമാണ് ഇപ്പോൾ ജനവാസ മേഖലയ്ക്ക് തൊട്ടടുത്ത് തുടരുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ആനകൾ ടൗണിന് സമീപത്ത് തന്നെ നിലയുറപ്പിച്ചതോടെ വലിയ തോതിലുള്ള ജനസംഖ്യാ ഭീഷണിയും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കാട്ടാന ആക്രമണം ഉണ്ടായത്. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയാണ് ആനയുടെ മുന്നിൽപ്പെട്ട് ദാരുണമായി കൊല്ലപ്പെട്ടത്. കനത്ത മഴയും ഒപ്പം കട്ടിയുള്ള കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ റോഡരികിൽ ആന നിൽക്കുന്നത് അറിയാതെ മാരിയും മകനും ഇതിന് മുന്നിൽ ചെന്ന് പെടുകയായിരുന്നു. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ മാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകനും ആക്രമണത്തിൽ പരിക്കേറ്റെങ്കിലും ഉടൻ തന്നെ വനംവകുപ്പും ആർ.ആർ.ടി സംഘവും ചേർന്ന് കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കാട്ടാനകൾ ഇപ്പോഴും പ്രദേശത്ത് തന്നെ തുടരുന്നതിനാൽ സൂര്യനെല്ലിയിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364701/wild-elephants-again-enter-chinnakanal)