---
title: "വാതിൽ പൊളിച്ചകത്ത് കയറിയപ്പോൾ കണ്ടത് ചോരക്കടൽ...! ഗെയിം വിലക്കിയതിന് കൂട്ടക്കുരുതി; പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ"
english_title: "Father and sister stabbed to death in Karnataka over online game"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364638/father-and-sister-stabbed-to-death-in-karnataka-over-online-game"
published_at: "2026-06-08T11:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: []
---

# വാതിൽ പൊളിച്ചകത്ത് കയറിയപ്പോൾ കണ്ടത് ചോരക്കടൽ...! ഗെയിം വിലക്കിയതിന് കൂട്ടക്കുരുതി; പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ

> **Lead Summary:** **കൊപ്പൽ: ** ഓൺലൈൻ ഗെയിം കളിക്കുന്നത് വിലക്കിയതിന് കർണാടകയിൽ കൗമാരക്കാരന്റെ ക്രൂരത. ഗംഗാവതിയിൽ പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം കൗമാരക്കാരൻ സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ മാതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**കൊപ്പൽ: ** ഓൺലൈൻ ഗെയിം കളിക്കുന്നത് വിലക്കിയതിന് കർണാടകയിൽ കൗമാരക്കാരന്റെ ക്രൂരത. ഗംഗാവതിയിൽ പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം കൗമാരക്കാരൻ സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ മാതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് ക്രൂര കൃത്യത്തിന് മുതിര്‍ന്നത്. ഗംഗാവതി താലൂക്കിലെ ഹൊസ അയോധ്യ ഗ്രാമത്തിൽ രാത്രി 10.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. പാചകത്തൊഴിലാളിയായ വെങ്കിട്ടനായിഡു (45), മകൾ പ്രഗതി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെങ്കിട്ടനായിഡുവിന്റെ ഭാര്യ സൗജന്യയ്ക്കാണ് (42) ഗുരുതരമായി പരിക്കേറ്റത്.

പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം വെങ്കിട്ടനായിഡുവും ഭാര്യയും മകളും ഒരു മുറിയിലും, വെങ്കിട്ടനായിഡുവിന്റെ മാതാപിതാക്കൾ തൊട്ടടുത്ത മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. രാത്രി പത്തരയോടെ മകൻ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

മുറിയിൽ നിന്ന് നിലവിളി ശബ്ദം കേട്ട് വെങ്കിട്ടനായിഡുവിന്റെ പിതാവും അയൽക്കാരും ഓടിയെത്തിയെങ്കിലും മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന കുടുംബത്തെ കണ്ടത്. മകൾ പ്രഗതി സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വെങ്കിട്ടനായിഡു മരണത്തിന് കീഴടങ്ങിയത്.

കുടുംബത്തെ ആക്രമിച്ച ശേഷം പതിനേഴുകാരനായ വിദ്യാർത്ഥി അതേ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയും അമ്മ സൗജന്യയും ഇപ്പോൾ ബെല്ലാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിക്ക് ഓൺലൈൻ ഗെയിമുകളോട് കടുത്ത ലഹരിയുണ്ടായിരുന്നുവെന്നും ഇതിനെ മാതാപിതാക്കൾ എതിർത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നുമാണ് പ്രാഥമിക വിവരം. എന്നാൽ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കൊപ്പൽ എസ്‌പി രാം എൽ അരസിദ്ധി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364638/father-and-sister-stabbed-to-death-in-karnataka-over-online-game)