---
title: "'നിയമപ്രശ്നമില്ല, വിവാദം ഒഴിവാക്കാൻ സ്വയം ഒഴിഞ്ഞത്'; ബന്ധുനിയമനത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മന്ത്രി സണ്ണി ജോസഫ്"
english_title: " Sunny Joseph reacts to appointment of deputy private secretary, appointment of relative"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364636/sunny-joseph-reacts-to-appointment-of-deputy-private-secretary-appointment-of-relative"
published_at: "2026-06-08T11:17:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2657af6f2c5_sunny.jpg"
keywords: ["Sunny Joseph", "Appointment Of Deputy Private Secretary", "Appointment Of Relative", "Benny Thomas"]
---

# 'നിയമപ്രശ്നമില്ല, വിവാദം ഒഴിവാക്കാൻ സ്വയം ഒഴിഞ്ഞത്'; ബന്ധുനിയമനത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം: **സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഒരൊഴിവാക്കാൻ വേണ്ടി അദ്ദേഹം സ്വയം രാജിവെക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ യാതൊരുവിധ നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഒരൊഴിവാക്കാൻ വേണ്ടി അദ്ദേഹം സ്വയം രാജിവെക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തനിക്ക് ആവശ്യമായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

നിയമന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഇതിന്റെ നിയമപരമായ വശങ്ങൾ താൻ പരിശോധിച്ചിരുന്നതായി സണ്ണി ജോസഫ് പറഞ്ഞു. 'പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നതിന് യോഗ്യതയോ അയോഗ്യതയോ ഉണ്ടോ എന്ന് പരിശോധിച്ചു. സഹകരണ വകുപ്പിലൊക്കെ ചിലപ്പോൾ ബന്ധുക്കൾക്ക് അയോഗ്യതയുണ്ട്, എന്നാൽ ഇവിടെ അയോഗ്യതയൊന്നുമില്ല,' എന്ന് മന്ത്രി വ്യക്തമാക്കി.

വൈദ്യുതി, പരിസ്ഥിതി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് തനിക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒരുപാട് ഉത്തരവാദിത്വമുള്ള വകുപ്പുകളാണ് വൈദ്യുതിയും പരിസ്ഥിതിയും. അപ്പോൾ എന്നെ സഹായിക്കാൻ വിശ്വസ്തതയുള്ള, കൂറുള്ള, എനിക്കറിയാവുന്ന, ഇവിടുത്തെ ജനങ്ങളുമായി ബന്ധമുള്ള ഒരാൾ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്,' മന്ത്രി വിശദീകരിച്ചു.

നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ യാതൊരു എതിർപ്പുകളുണ്ടായിരുന്നില്ലെന്നും, ബെന്നി തോമസ് തുടരണമെന്നാണ് പലരും ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 'കെപിസിസി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു പരാമർശം ഉണ്ടായി എന്നുള്ളത് യാഥാർഥ്യമാണ്.

എന്നാൽ ആ വ്യക്തി തന്നെ അത് തിരുത്തി പറഞ്ഞു. എങ്കിൽപ്പോലും ഇത്തരം ഒരു വിവാദത്തിൽ വന്നയാൾ പ്രധാനപ്പെട്ട ചുമതല നിർവഹിക്കുന്നത് ഗുണം ചെയ്യില്ല എന്ന് കണ്ടാണ് വാർത്ത വിവാദമായപ്പോൾ അത് ഒഴിവാക്കാൻ അദ്ദേഹം തന്നെ മുൻകൈ എടുത്തത്,' സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ബെന്നി തോമസ് ആരാണെന്ന് കൃത്യമായി മനസിലാക്കണമെങ്കിൽ ഉളിക്കലിലെ അദ്ദേഹത്തിന്റെ നാട്ടിൽ പോയി അന്വേഷിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364636/sunny-joseph-reacts-to-appointment-of-deputy-private-secretary-appointment-of-relative)