---
title: "ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വീണ്ടും ക്രിസ്റ്റ്യൻ എറിക്സൻ മൈതാനത്ത് കുഴഞ്ഞുവീണു"
english_title: "Christian Eriksen collapses on the field"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364612/christian-eriksen-shocks-the-football-world-again-as-he-collapses-on-the-field"
published_at: "2026-06-08T10:09:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2647e27c21e_SFDGDG.jpg"
keywords: ["Sports", "Christian Eriksen", "Football"]
---

# ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വീണ്ടും ക്രിസ്റ്റ്യൻ എറിക്സൻ മൈതാനത്ത് കുഴഞ്ഞുവീണു

> **Lead Summary:** **[**ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണു. ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്റെ 65-ാം മിനിറ്റിൽ നെഞ്ചിൽ കൈവെച്ച് എറിക്സൻ പെട്ടെന്ന് മൈതാനത്തേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ മത്സരം അടിയന്തരമായി ഉപേക്ഷിച്ചു.

## Article Content

**[**ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണു. ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്റെ 65-ാം മിനിറ്റിൽ നെഞ്ചിൽ കൈവെച്ച് എറിക്സൻ പെട്ടെന്ന് മൈതാനത്തേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ മത്സരം അടിയന്തരമായി ഉപേക്ഷിച്ചു.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ എറിക്സൻ വീണയുടൻ തന്നെ സഹതാരങ്ങളും മെഡിക്കൽ സംഘവും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. നിലവിൽ താരത്തിന് ബോധം തിരിച്ചുകിട്ടിയതായും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ഡാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. തുടർപരിശോധനകൾക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

34-കാരനായ എറിക്സന് ഇത് രണ്ടാം തവണയാണ് കളിക്കളത്തിൽ വെച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കുഴഞ്ഞുവീഴുന്നത്. അന്ന് ഫിൻലാൻഡിനെതിരായ മത്സരത്തിനിടയിൽ എറിക്സന് ഹൃദയാഘാതം സംഭവിച്ചിരുന്നു. മൈതാനത്ത് വെച്ച് നൽകിയ അടിയന്തര സി.പി.ആർ വഴിയാണ് അന്ന് ജീവൻ തിരിച്ചുപിടിച്ചത്.

തുടർന്ന് ഹൃദയമിടിപ്പ് നിയന്ത്രിക്കാനുള്ള ഐ.സി.ഡി (Implantable Cardioverter-Defibrillator) ഉപകരണം ശരീരത്തിൽ ഘടിപ്പിച്ചാണ് എറിക്സൻ ഫുട്ബോളിലേക്ക് തിരിച്ചെത്തിയത്. ഇത്തവണ ഹൃദയമിടിപ്പിൽ വ്യതിയാനമുണ്ടായപ്പോൾ ശരീരത്തിലുള്ള പേസ്‌മേക്കർ കൃത്യസമയത്ത് പ്രവർത്തിച്ചതാണ് എറിക്സന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

> 2021-ലും എറിക്സന്റെ ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്ന ഡെന്മാർക്ക് ടീം ഡോക്ടർ മോർട്ടൻ ബോസൻ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെ  "അദ്ദേഹത്തിന്റെ ശരീരത്തിലുള്ള പേസ്‌മേക്കർ കൃത്യസമയത്ത് ചെയ്യേണ്ടത് ചെയ്തു. കുഴഞ്ഞുവീഴാൻ ഉണ്ടായ കൃത്യമായ കാരണം കണ്ടെത്താൻ ആശുപത്രിയിൽ കൂടുതൽ പരിശോധനകൾ നടത്തും. ഞങ്ങൾ ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ക്രിസ്റ്റ്യൻ ഇപ്പോൾ സുഖമായിരിക്കുന്നു. താൻ സുഖമായിരിക്കുന്നുവെന്ന വിവരം സഹതാരങ്ങളെ അറിയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്."

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരം വീണ്ടും കുഴഞ്ഞുവീണത് കായിക ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കളിച്ച യുക്രൈനും ഡെന്മാർക്കും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലാത്ത ടീമുകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364612/christian-eriksen-shocks-the-football-world-again-as-he-collapses-on-the-field)