---
title: "കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍"
english_title: "Government should give job to nine-year-old Vinodini who lost her hand; Child Rights Commission orders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364606/government-should-give-job-to-nine-year-old-vinodini-who-lost-her-hand-child-rights-commission-orders"
published_at: "2026-06-08T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2645686cb19_XFHBDGF.jpg"
keywords: ["LATEST NEWS", "Child Rights Commission", "Vinodini"]
---

# കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

> **Lead Summary:** തിരുവനന്തപുരം: **[** പാലക്കാട് പല്ലശ്ശനയിൽ ചികിത്സാപ്പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുകാരി വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി ശുപാർശ നൽകി.

## Article Content

തിരുവനന്തപുരം: **[** പാലക്കാട് പല്ലശ്ശനയിൽ ചികിത്സാപ്പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുകാരി വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി ശുപാർശ നൽകി.

കുട്ടിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിനോദിനിക്ക് 21 വയസ്സ് തികയുന്നതുവരെയുള്ള എല്ലാ ചെലവുകളും സർക്കാരാണ് വഹിക്കേണ്ടത്. കൈ നഷ്ടപ്പെട്ടത് കുട്ടിയുടെ ഭാവിയിൽ ജോലി ലഭിക്കുന്നതിന് തടസ്സമാകരുതെന്നും, ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി മുൻപ് നിർദ്ദേശിച്ചിരുന്നു.

2024 സെപ്റ്റംബർ 24-നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് വീണ് പരിക്കേൽക്കുന്നത്.  ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് കുട്ടിയെ വീട്ടിലേക്ക് വിട്ടു.

 പ്ലാസ്റ്ററിട്ടതിന് പിന്നാലെ കൈക്ക് കടുത്ത അണുബാധയുണ്ടായി. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അണുബാധ ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് സെപ്റ്റംബർ 30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കുട്ടിയുടെ കൈ മുറിച്ചുമാറ്റി.

 സംഭവത്തിൽ വീഴ്ച വരുത്തിയ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ മുസ്തഫ, സർഫറാസ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഡോ. സർഫറാസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് തന്റെ സസ്പെൻഷൻ റദ്ദാക്കി വാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വന്തം ചെലവിൽ മുൻകൈ എടുത്ത് കൊച്ചിയിൽ വെച്ച് വിനോദിനിക്ക് കൃത്രിമ കൈ പിടിപ്പിച്ചു നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364606/government-should-give-job-to-nine-year-old-vinodini-who-lost-her-hand-child-rights-commission-orders)