---
title: "കാർ തടഞ്ഞു, മുളകുപൊടി സ്പ്രേ അടിച്ച് ഐഫോണുകളും ലക്ഷങ്ങളുടെ വണ്ടിയും തട്ടിയെടുത്ത് അഞ്ചംഗ സംഘം; ഇടുക്കിയിൽ പിടിയിൽ"
english_title: "Five-member gang arrested for stealing iPhones and a car worth lakhs using chili powder spray"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364596/five-member-gang-arrested-for-stealing-iphones-and-a-car-worth-lakhs-using-chili-powder-spray"
published_at: "2026-06-08T09:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a263bbf7b114_1.jpg"
keywords: ["Latest News", "Palakkad", "A Group Of Five", "Arrest"]
---

# കാർ തടഞ്ഞു, മുളകുപൊടി സ്പ്രേ അടിച്ച് ഐഫോണുകളും ലക്ഷങ്ങളുടെ വണ്ടിയും തട്ടിയെടുത്ത് അഞ്ചംഗ സംഘം; ഇടുക്കിയിൽ പിടിയിൽ

> **Lead Summary:** **പാലക്കാട്: [ **കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന മലപ്പുറം സ്വദേശികളുടെ കാർ ഒലവക്കോട് താണാവിൽ വെച്ച് മുളകുപൊടി സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ച് പ്രതികളെ പോലീസ് പിടികൂടി.

## Article Content

**പാലക്കാട്: [ **കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന മലപ്പുറം സ്വദേശികളുടെ കാർ ഒലവക്കോട് താണാവിൽ വെച്ച് മുളകുപൊടി സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ച് പ്രതികളെ പോലീസ് പിടികൂടി.

ആലപ്പുഴ സ്വദേശികളായ അഞ്ചംഗ സംഘത്തെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ഇടുക്കിയിലെ ദേവികുളത്ത് വെച്ചാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു സിനിമാ സ്റ്റൈൽ സിനിമാ മോഡൽ കവർച്ച അരങ്ങേറിയത്.

മലപ്പുറം മഞ്ചേരി സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള കാറിലുണ്ടായിരുന്ന യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇരുമ്പുകമ്പി കൊണ്ട് വണ്ടി തല്ലിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു അക്രമിസംഘം.

ഇതിനിടെ ഡ്രൈവറും മുൻസീറ്റിലിരുന്നയാളും ഓടി രക്ഷപ്പെട്ടെങ്കിലും, ബാക്കി രണ്ടുപേരുടെ മുഖത്ത് മുളകുപൊടി സ്പ്രേ അടിച്ച് പ്രതികൾ കാറുമായി കടന്നുകളയുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാറിനുള്ളിൽ പണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ച് യാത്രക്കാരെ സംഘം ക്രൂരമായി മർദിച്ചു.

ഒടുവിൽ പണമില്ലെന്ന് ഉറപ്പായതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന പതിനയ്യായിരം രൂപയും നാല് ഐഫോണുകളും തട്ടിയെടുത്ത് ഇവരെ വഴിയിൽ രണ്ടിടങ്ങളിലായി ഇറക്കിവിടുകയായിരുന്നു.

അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തിന് അന്നുതന്നെ ദേശീയപാതയിൽ നിന്ന് പ്രതികൾ ഉപേക്ഷിച്ച ഒരു മൊബൈൽ ഫോൺ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്.

കവർച്ചയ്ക്ക് ശേഷം പ്രതികൾ ഉപേക്ഷിച്ച കാർ തൃശ്ശൂർ പുതുക്കാട് ചെങ്ങാലൂർ മാട്ടുമലയിലെ റബ്ബർത്തോട്ടത്തിൽ ഉൾവശം പൂർണ്ണമായും തകർത്ത നിലയിൽ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പോലീസും തുടർന്ന് പാലക്കാട് നോർത്ത് സ്റ്റേഷൻ എസ്.എച്ച്.ഒ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് വണ്ടി മലപ്പുറം സ്വദേശികളുടേതാണെന്ന് സ്ഥിരീകരിച്ചത്.

പിടികൂടിയ പ്രതികളെ ഉടൻ തന്നെ പാലക്കാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ദേശീയപാതകൾ കേന്ദ്രീകരിച്ച് ലക്ഷങ്ങൾ കവരുന്ന കുഴൽപ്പണക്കവർച്ചാ സംഘമാണ് പിടിയിലായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364596/five-member-gang-arrested-for-stealing-iphones-and-a-car-worth-lakhs-using-chili-powder-spray)