---
title: "മിന്ദനാവോയിൽ സുനാമി ഭീതി;3  മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത, അഞ്ച് രാജ്യങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം"
english_title: "Tsunami threat in Mindanao"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364595/tsunami-threat-in-mindanao"
published_at: "2026-06-08T09:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69107a4514e04_tsthunami.jpg"
keywords: ["Latest News", "Mindanao", "Tsunami", "Cautionary Note"]
---

# മിന്ദനാവോയിൽ സുനാമി ഭീതി;3  മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത, അഞ്ച് രാജ്യങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **മിന്ദനാവോ: [**[ ]ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിനെ നടുക്കി റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ വെറും 10 കിലോമീറ്റർ മാത്രം ആഴത്തിൽ പ്രഭവകേന്ദ്രമുണ്ടായ ഈ ഭൂകമ്പത്തെത്തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വൻ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

## Article Content

**മിന്ദനാവോ: [**[ ]ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിനെ നടുക്കി റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ വെറും 10 കിലോമീറ്റർ മാത്രം ആഴത്തിൽ പ്രഭവകേന്ദ്രമുണ്ടായ ഈ ഭൂകമ്പത്തെത്തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വൻ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഫിലിപ്പീൻസിന് പുറമെ ഇന്തോനേഷ്യ, തായ്‌വാൻ, പലാവു, പാപുവ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങളും ഇപ്പോൾ സുനാമി ഭീഷണിയിലാണ്. പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസിൽ ഭൂചലനങ്ങൾ പതിവാണെങ്കിലും, ഇത്തവണയുണ്ടായ ഭൂകമ്പം മിന്ദനാവോയിൽ കടുത്ത നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.

ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലെ ജനറൽ സാന്റോസ് നഗരത്തിൽ കെട്ടിടങ്ങൾ തകരുകയും പരക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. സ്കൂളുകൾ തുറന്ന ആദ്യ ദിനമായതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി വിദ്യാർത്ഥികളെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു; കൂടാതെ ഒരു പ്രമുഖ ആശുപത്രിയിലെ രോഗികളെ മുഴുവൻ തുറസായ സ്ഥലത്തേക്ക് അടിയന്തിരമായി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അയൽരാജ്യമായ ഇന്തോനേഷ്യയിലെ ബോർണിയോ, സുലവേസി തീരങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ അടിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മലുകു പ്രവിശ്യകളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ദുരന്തസാധ്യത മുൻനിർത്തി ഫിലിപ്പീൻസിലെ സരംഗാനി, ദവാനോ ഒക്സിഡന്റൽ, സുലു ഉൾപ്പെടെ ഒമ്പത് പ്രവിശ്യകളിലെ തീരദേശവാസികളോട് എത്രയും വേഗം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

തുറമുഖങ്ങളിലോ ആഴം കുറഞ്ഞ തീരങ്ങളിലോ കിടക്കുന്ന ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും, നിലവിൽ കടലിലുള്ള ബോട്ടുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴക്കടലിൽ തന്നെ തുടരണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രദേശത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364595/tsunami-threat-in-mindanao)