---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; തൃണമൂൽ കൗൺസിലർ ബംഗാളിൽ അറസ്റ്റിൽ"
english_title: "Trinamool councilor arrested in Bengal for raping minor girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364559/trinamool-councilor-arrested-in-bengal-for-raping-minor-girl"
published_at: "2026-06-07T21:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a094126be9bc_Homeowner_arrested_for_allowing_landlord_to_abuse_wife_and_daughter_in_lieu_of_rent_arrears.jpg"
keywords: ["Latest News", "Rape Case", "Bengal", "Trinamool Councilor"]
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; തൃണമൂൽ കൗൺസിലർ ബംഗാളിൽ അറസ്റ്റിൽ

> **Lead Summary:** **കൊൽക്കത്ത: ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലർ മുഹമ്മദ് ജാസിമുദ്ദീനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊൽക്കത്ത: ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലർ മുഹമ്മദ് ജാസിമുദ്ദീനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു.

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലെ ‌വാർഡ് നമ്പർ 39 (ജൊരസങ്കോ) കൗൺസിലറായ ഇയാളെ ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് പിടികൂടിയത്. ബംഗാളിൽ ഭരണം മാറിയതിനു ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ തൃണമൂൽ കോൺഗ്രസ് കൗൺസിലറാണ് ഇയാൾ.

ഞായറാഴ്ച പുലർച്ചെ 6 മണിയോടെ ജൊരസങ്കോ പൊലീസും കേന്ദ്ര സേനയും ജാസിമുദ്ദീന്റെ വീട് വളഞ്ഞിരുന്നു. എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ആറുമണിക്കൂറോളം കൗൺസിലർ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഉച്ചയോടെ വാതിൽ ബലമായി തുറന്നാണ് പൊലീസ് അകത്തുകയറി ഇയാളെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിനെത്തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജാസിമുദ്ദീനെ പുറത്തിറക്കിയപ്പോൾ തൃണമൂൽ അനുഭാവമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം അവിടെ തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ കൗൺസിലർക്ക് നേരെ കോഴിമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു.

മൂന്ന് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജാസിമുദ്ദീന്റെ അടുത്ത കൂട്ടാളികൾ പീഡിപ്പിച്ചിരുന്നു. ഇപ്പോൾ കോളജ് വിദ്യാർഥിനിയായ ഈ പെൺകുട്ടിയെ കഴിഞ്ഞ ശനിയാഴ്ച കലബാഗൻ പ്രദേശത്ത് വച്ച് വീണ്ടും ഉപദ്രവിക്കുകയും പഴയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ കുടുംബം ജൊരസങ്കോ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച രാത്രി ജാസിമുദ്ദീന്റെ അടുത്ത അനുയായിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മുമ്പ് സിപിഎം പ്രവർത്തകനായിരുന്ന ജാസിമുദ്ദീൻ 2015ലെ മുൻ‌സിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് തൃണമൂൽ ടിക്കറ്റിൽ രണ്ട് തവണ തുടർച്ചയായി വിജയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364559/trinamool-councilor-arrested-in-bengal-for-raping-minor-girl)