---
title: "വലിപ്പത്തിലല്ല ഗുണത്തിൽ: വീട്ടിൽ തന്നെ തയ്യാറാക്കാം പോഷകസമൃദ്ധമായ എള്ളുണ്ട; റെസിപ്പി ഇതാ"
english_title: "Quality, not size: Nutritious sesame seeds can be prepared at home; Here is the recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364520/quality-not-size-nutritious-sesame-seeds-can-be-prepared-at-home-here-is-the-recipe"
published_at: "2026-06-07T16:14:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a254cd74a050_sesame_seeds.jpg"
keywords: ["Cookery", "Ellunda", "Kerala Recipes", "Healthy Snacks"]
---

# വലിപ്പത്തിലല്ല ഗുണത്തിൽ: വീട്ടിൽ തന്നെ തയ്യാറാക്കാം പോഷകസമൃദ്ധമായ എള്ളുണ്ട; റെസിപ്പി ഇതാ

> **Lead Summary:** കടുകിനോളം വലിപ്പമുള്ള ഇത്തിരിപ്പോന്ന എള്ളുകൾ ഒട്ടും നിസാരക്കാരല്ല! വലിപ്പത്തിലല്ല, ഗുണത്തിലാണ് കാര്യം എന്ന് ഇവയെ നോക്കി ഉറപ്പിച്ചു പറയാം. നിത്യേനയുള്ള പാചകത്തിൽ നമ്മൾ എള്ള് അധികം ഉപയോഗിക്കാറില്ലെങ്കിലും, എള്ളുണ്ട കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ രുചിയോടെ ആസ്വദിച്ചു കഴിക്കുന്ന ഈ എള്ളുണ്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

## Article Content

കടുകിനോളം വലിപ്പമുള്ള ഇത്തിരിപ്പോന്ന എള്ളുകൾ ഒട്ടും നിസാരക്കാരല്ല! വലിപ്പത്തിലല്ല, ഗുണത്തിലാണ് കാര്യം എന്ന് ഇവയെ നോക്കി ഉറപ്പിച്ചു പറയാം. നിത്യേനയുള്ള പാചകത്തിൽ നമ്മൾ എള്ള് അധികം ഉപയോഗിക്കാറില്ലെങ്കിലും, എള്ളുണ്ട കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ രുചിയോടെ ആസ്വദിച്ചു കഴിക്കുന്ന ഈ എള്ളുണ്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എള്ളിൽ അടങ്ങിയിരിക്കുന്ന മികച്ച പോഷകങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നവയാണ്. മഗ്നീഷ്യം, കാത്സ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയ അത്യന്താപേക്ഷിതമായ ധാതുക്കളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് എള്ള്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഇത് ഏറെ ഉത്തമമാണ്.

ഇനി കടയിൽ നിന്ന് വാങ്ങാതെ, ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഈ നാടൻ പലഹാരം തികച്ചും ശുദ്ധമായ രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. എള്ളുണ്ടയുടെ എളുപ്പത്തിലുള്ള റെസിപ്പി താഴെ നൽകുന്നു.

**ചേരുവകൾ**

എള്ള്- 1/2 കിലോ

ശർക്കര- 1/2 കിലോ

വെള്ളം- ആവശ്യത്തിന്

ഏലയ്ക്ക- 2

**തയ്യാറാക്കുന്ന വിധം**

അര കിലോ എള്ള് വൃത്തിയായി കഴുകിയെടുക്കാം.

അത് ഒരു പാനിലേയ്ക്കു മാറ്റി എണ്ണ ചേർക്കാതെ വറുത്തെടുക്കാം.

മറ്റൊരു പാനിൽ അര കിലോ ശർക്കര പൊടിച്ചു ചേർക്കാം.

അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം.

ഏലയ്ക്ക പൊടിച്ചതു കൂടി ചേർത്ത് ശർക്കര നന്നായി അലിയുന്നതു വരെ ഇളക്കാം.

അലിഞ്ഞു കിട്ടിയ ശർക്കര ലായനി തണുത്തതിനു ശേഷം അരിച്ചെടുക്കാം.

വറുത്ത എള്ളിലേയ്ക്ക് അത് ഒഴിച്ചിളക്കാം.

ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364520/quality-not-size-nutritious-sesame-seeds-can-be-prepared-at-home-here-is-the-recipe)