---
title: "പുലർച്ചെ അഞ്ച് മണിയോടെ വൻ തീപിടിത്തം; ജമ്മു കശ്മീരിലെ പ്രമുഖ മാർക്കറ്റിൽ എട്ട് കടകൾ പൂർണ്ണമായി കത്തിനശിച്ചു"
english_title: "A massive fire broke out at 5 am; eight shops were completely gutted in a major market in Jammu and Kashmir."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364497/a-massive-fire-broke-out-at-5-am-eight-shops-were-completely-gutted-in-a-major-market-in-jammu-and-kashmir"
published_at: "2026-06-07T14:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25380905dec_A_massive_fire.jpg"
keywords: ["Latest News", "Jammu Kashmir", "Poonch Fire", "Buffliaz Market"]
---

# പുലർച്ചെ അഞ്ച് മണിയോടെ വൻ തീപിടിത്തം; ജമ്മു കശ്മീരിലെ പ്രമുഖ മാർക്കറ്റിൽ എട്ട് കടകൾ പൂർണ്ണമായി കത്തിനശിച്ചു

> **Lead Summary:** പൂഞ്ച് : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ട് കടകൾ പൂർണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മുഗൾ റോഡിലുള്ള പ്രമുഖ വാണിജ്യ കേന്ദ്രമായ ബഫ്ലിയാസ് മാർക്കറ്റിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൂർണ്ണമായി കത്തിയമർന്നതോടെ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.

## Article Content

പൂഞ്ച് : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ട് കടകൾ പൂർണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മുഗൾ റോഡിലുള്ള പ്രമുഖ വാണിജ്യ കേന്ദ്രമായ ബഫ്ലിയാസ് മാർക്കറ്റിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൂർണ്ണമായി കത്തിയമർന്നതോടെ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.

തടിയും അലുമിനിയം ഷീറ്റും ഉപയോഗിച്ച് നിർമിച്ച കടകളുടെ ഒരു നിരയിലേക്കാണ് തീ പടർന്നത്. പുലർച്ചെ തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തുണ്ടായിരുന്ന ആർമി, സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളവും അഗ്നിശമന ഉപകരണങ്ങളും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയത്. തുടർന്ന് അരമണിക്കൂറിനുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കാനും സമീപത്തെ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരുന്നത് തടയാനും സാധിച്ചു.

ഒരു കടയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫയർഫോഴ്‌സ് എത്താൻ വൈകിയതാണ് തീ ഇത്രയധികം പടരാൻ കാരണമായതെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിച്ചു. പ്രദേശത്ത് സ്ഥിരമായൊരു ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണെന്നും അടിയന്തര അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയാകുന്നുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364497/a-massive-fire-broke-out-at-5-am-eight-shops-were-completely-gutted-in-a-major-market-in-jammu-and-kashmir)