---
title: "സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി; മാസ്‌ക് ധരിച്ച് പടവുകൾ കയറി ആറാം നിലയിലെത്തി പ്രൊഫസറെ കൊന്ന ദമ്പതികൾ വലയിൽ"
english_title: "Couple arrested for murder of assistant professor Debosmita Paul"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364495/couple-arrested-for-murder-of-assistant-professor-debosmita-paul"
published_at: "2026-06-07T14:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2536c1eb24e_crime.jpg"
keywords: []
---

# സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി; മാസ്‌ക് ധരിച്ച് പടവുകൾ കയറി ആറാം നിലയിലെത്തി പ്രൊഫസറെ കൊന്ന ദമ്പതികൾ വലയിൽ

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിന്റെ കൊലപാതക കേസിൽ പശ്ചിമ ബംഗാളിലെ ദമ്പതികൾ അറസ്റ്റിൽ .

## Article Content

**ന്യൂഡൽഹി: **ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിന്റെ കൊലപാതക കേസിൽ പശ്ചിമ ബംഗാളിലെ ദമ്പതികൾ അറസ്റ്റിൽ .

ബർദ്ധമാനിൽ നിന്നുള്ള ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റ്സിലെ ഫ്ലാറ്റിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ദേബോസ്മിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാല് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകൾക്കൊടുവിലാണ് പ്രതികളെ ബംഗാളിൽ നിന്നും പോലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട ദേബോസ്മിത പോളിനെ കാണാനെന്ന വ്യാജേനയാണ് ബർദ്ധമാൻ സ്വദേശികളായ ദമ്പതികൾ ഡൽഹിയിലെത്തിയത്. 2022-ൽ വിവാഹമോചനം നേടിയ ദേബോസ്മിത ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം.

ഇവരുടെ ഭർത്താവ് ബംഗളൂരുവിലാണ്. ബുധനാഴ്ച മാസ്ക് ധരിച്ചാണ് പ്രതികൾ ദേബോസ്മിതയുടെ ഫ്ലാറ്റിലെത്തിയത്. സംശയം തോന്നാതിരിക്കാൻ ഇവർ തങ്ങളുടെ കുട്ടിയെയും കൂടെ കരുതിയിരുന്നു. ലിഫ്റ്റിന് പകരം പടവുകൾ വഴിയാണ് ഇവർ ആറാം നിലയിലെ ഫ്ലാറ്റിലെത്തിയത്.

വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിച്ച പ്രതികൾ, തങ്ങൾ കൂടെക്കരുതിയ ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം വസ്ത്രം മാറി 30 മിനിറ്റിനകം ഇവർ ഫ്ലാറ്റിൽ നിന്നും പുറത്തുകടന്നു. താഴെ കാത്തുനിന്ന പ്രൈവറ്റ് ക്യാബിലാണ് ഇവർ രക്ഷപ്പെട്ടത്.

ദേബോസ്മിതയുടെ ഫോൺ കോളുകൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരി ദേവാരതി വ്യാഴാഴ്ച ഫ്ലാറ്റിലെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ വീട്ടിലെ പണമോ ആഭരണങ്ങളോ നഷ്ടപ്പെടാത്തതിനാൽ ഇതൊരു മോഷണശ്രമമല്ലെന്ന് പോലീസ് ആദ്യമേ സ്ഥിരീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364495/couple-arrested-for-murder-of-assistant-professor-debosmita-paul)