---
title: "കേരളത്തിൽ ഷിഗല്ല ബാധിതരുടെ എണ്ണം 155 ആയി ഉയർന്നു; കടുത്ത വയറിളക്കവും പനിയും നിസ്സാരമാക്കരുത്"
english_title: "The number of Shigella cases in Kerala has risen to 155."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364494/the-number-of-shigella-cases-in-kerala-has-risen-to-155"
published_at: "2026-06-07T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2400a57fb95_shigella.jpg"
keywords: ["Latest News", "Kozhikode", "Shigella", "The Number Of Infected People Has Increased"]
---

# കേരളത്തിൽ ഷിഗല്ല ബാധിതരുടെ എണ്ണം 155 ആയി ഉയർന്നു; കടുത്ത വയറിളക്കവും പനിയും നിസ്സാരമാക്കരുത്

> **Lead Summary:** **കോഴിക്കോട്:[ **സംസ്ഥാനത്ത് ആശങ്ക പടർത്തി ഷിഗല്ല ബാധയുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർദ്ധനവ്. കഴിഞ്ഞ വർഷം ജൂൺ ആറ് വരെ 61 പേർക്ക് മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തതെങ്കിൽ, ഈ വർഷം ഇതേ കാലയളവിൽ അത് 155 ആയി ഉയർന്നു.

## Article Content

**കോഴിക്കോട്:[ **സംസ്ഥാനത്ത് ആശങ്ക പടർത്തി ഷിഗല്ല ബാധയുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർദ്ധനവ്. കഴിഞ്ഞ വർഷം ജൂൺ ആറ് വരെ 61 പേർക്ക് മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തതെങ്കിൽ, ഈ വർഷം ഇതേ കാലയളവിൽ അത് 155 ആയി ഉയർന്നു.

രോഗവ്യാപനം അതിരൂക്ഷമാകുന്നതിനിടെ ആരോഗ്യവകുപ്പിന്റെ കണക്കുകളിലെ പൊരുത്തക്കേടുകളും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഈ വർഷം 155 പേർക്ക് രോഗം ബാധിക്കുകയും (85 സ്ഥിരീകരിച്ചവർ, 70 സംശയിക്കപ്പെടുന്നവർ) രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തപ്പോൾ, സംസ്ഥാനത്ത് 126 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്.

ഔദ്യോഗിക കണക്കുകളിലെ ഈ അവ്യക്തത ജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ഒരുപോലെ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ഈ മാസം മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ച് പേരിൽ രോഗലക്ഷണം സംശയിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് നാല് വയസ്സുകാരി മരണപ്പെട്ടത് ആരോഗ്യ പ്രവർത്തകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗബാധ ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെയുള്ള മുഴുവൻ ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അടിയന്തര നിർദേശം നൽകി.

ഹോട്ടലുകളിൽ യാതൊരു കാരണവശാലും സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും പൂർണ്ണമായും തിളപ്പിച്ചാറ്റിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്നും കർശനമായ ഉത്തരവുണ്ട്.

വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ ശക്തമാക്കുമെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പ്രധാനമായും മലിനമായ ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കുടലിനെ നേരിട്ട് ബാധിക്കുന്ന ഈ രോഗാണു ശരീരത്തിലെത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുക.

വയറിളക്കം, പനി, കടുത്ത വയറുവേദന, ഛർദ്ദി, അമിതമായ ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ലെങ്കിലും, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ രോഗം മൂർച്ഛിച്ചാൽ മരണസാധ്യത വളരെ കൂടുതലാണ്.

തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന കടുത്ത നിർജലീകരണവും കുട്ടികളിൽ അപസ്മാരം വരാനുള്ള സാധ്യതയും രോഗത്തെ കൂടുതൽ അപകടകരമാക്കുന്നു. അതിനാൽ വ്യക്തിശുചിത്വവും ആഹാര-ശുദ്ധജല ശുചിത്വവും കർശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364494/the-number-of-shigella-cases-in-kerala-has-risen-to-155)