---
title: "വിജയ് സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ"
english_title: "DMK workers should come together to bring down the TVK government, says party president MK Stalin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364474/DMK-workers-should-come-together-to-bring-down-The-TVK-government-says-party-president-MK-Stalin"
published_at: "2026-06-07T13:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a253897d4fc6_TVK.jpg"
keywords: ["Latest News", "Manalur", "Thrissur", "Young Man Dies After Falling Tree"]
---

# വിജയ് സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ

> **Lead Summary:** **ചെന്നൈ: [**തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സർക്കാരിനെ താഴെയിറക്കാൻ ഡി.എം.കെ. പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പാർട്ടി പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു.

## Article Content

**ചെന്നൈ: [**തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സർക്കാരിനെ താഴെയിറക്കാൻ ഡി.എം.കെ. പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പാർട്ടി പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു.

ഡി.എം.കെ. സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ ചില പാർട്ടികളുടെ പിന്തുണയോടെയാണ് ടി.വി.കെ. ഇപ്പോൾ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡി.എം.കെ. ഭരണത്തിൽ വരണമെന്ന് ആഗ്രഹിച്ച ഈ സഖ്യകക്ഷികളുടെ പിന്തുണയോടെ മാത്രം നിലനിൽക്കുന്ന വിജയ് സർക്കാരിനെ എത്രയും വേഗം അധികാരത്തിൽ നിന്നും പുറത്താക്കാൻ പാർട്ടി അണികൾ പ്രതിജ്ഞയെടുക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

ടി.വി.കെ.യ്ക്ക് പിന്തുണ നൽകുന്നതിന് മുൻപ് ഈ സഖ്യകക്ഷികൾ താനുമായി കൂടിയാലോചന നടത്തിയിരുന്നുവെന്ന് സ്റ്റാലിൻ വെളിപ്പെടുത്തി. തീരുമാനങ്ങളെടുക്കാൻ അവർക്ക് ജനാധിപത്യപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ താൻ, തമിഴ്‌നാട്ടിൽ ഗവർണർ ഭരണം വരുന്നത് തടയാൻ വേണ്ടിയാണ് അന്ന് അതിന് അനുമതി നൽകിയത്.

ഗവർണർ വഴി സംസ്ഥാനം ഭരിക്കാൻ ബി.ജെ.പി.ക്ക് ഒരവസരവും ഉണ്ടാകരുതെന്ന് കരുതിയാണ് അങ്ങനെയൊരു നിലപാടെടുത്തതെന്നും എന്നാൽ ഇപ്പോൾ ടി.വി.കെ. സർക്കാരിനെ ഉടനടി താഴെയിറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി ഡി.എം.കെ. വിജയങ്ങളും പരാജയങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുള്ള പാർട്ടിയാണെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു. അതിനാൽ പ്രവർത്തകർ ജയപരാജയങ്ങളെ സമചിത്തതയോടെ ഉൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണം.

മുൻകാലങ്ങളിൽ അടിയന്തരാവസ്ഥയെ എതിർത്ത് എം. കരുണാനിധി മറീന ബീച്ചിൽ ജനങ്ങളെ വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയതിനാലാണ് ഡി.എം.കെ.യ്ക്ക് അന്ന് അധികാരം നഷ്ടപ്പെട്ടത്.

തുടർന്ന് 1991-ൽ ശ്രീലങ്കൻ തമിഴ് പ്രശ്നത്തിന്റെ പേരിലും പാർട്ടിക്ക് ഭരണം നഷ്ടമായി. എന്നാൽ 1996-ൽ ശക്തമായി തിരിച്ചെത്തുകയും പിന്നീട് മാറിമറിഞ്ഞു വന്ന തിരഞ്ഞെടുപ്പുകൾക്ക് ശേഷം 2021-ൽ വീണ്ടും അധികാരം പിടിക്കുകയും ചെയ്ത ചരിത്രം ചൂണ്ടിക്കാണിച്ചാണ് സ്റ്റാലിൻ അണികൾക്ക് ആവേശം പകർന്നത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364474/DMK-workers-should-come-together-to-bring-down-The-TVK-government-says-party-president-MK-Stalin)