---
title: "ഭർത്താവ് ഒരുക്കിയ കൊടുംക്രൂരത! ഭാര്യയെ കൊല്ലാൻ അഗതിമന്ദിരത്തിലെ അന്തേവാസിക്ക് ക്വട്ടേഷൻ നൽകി, ഭർത്താവും 19-കാരനായ സുഹൃത്തും ചേർപ്പിൽ അറസ്റ്റിൽ"
english_title: "Husband arrested for giving a quotation to a homeless person to kill his wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364463/husband-arrested-for-giving-a-quotation-to-a-homeless-person-to-kill-his-wife"
published_at: "2026-06-07T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2524aa7b66d_14.jpg"
keywords: ["Latest News", "Cherppu", "Arrest", "Quotation", "Thrissur"]
---

# ഭർത്താവ് ഒരുക്കിയ കൊടുംക്രൂരത! ഭാര്യയെ കൊല്ലാൻ അഗതിമന്ദിരത്തിലെ അന്തേവാസിക്ക് ക്വട്ടേഷൻ നൽകി, ഭർത്താവും 19-കാരനായ സുഹൃത്തും ചേർപ്പിൽ അറസ്റ്റിൽ

> **Lead Summary:** **ചേർപ്പ്: [**സ്വന്തം ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ അഗതിമന്ദിരത്തിലെ പത്തൊമ്പതുകാരനായ സഹവാസിക്ക് ക്വട്ടേഷൻ നൽകിയ ക്രൂരമായ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.

## Article Content

**ചേർപ്പ്: [**സ്വന്തം ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ അഗതിമന്ദിരത്തിലെ പത്തൊമ്പതുകാരനായ സഹവാസിക്ക് ക്വട്ടേഷൻ നൽകിയ ക്രൂരമായ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.

ചേർപ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), ക്വട്ടേഷൻ ഏറ്റെടുത്ത വിഷ്ണു (19) എന്നിവരെയാണ് ചേർപ്പ് പോലീസ് പൊക്കിയത്. വർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിൽ നിന്ന് വീണ് അരയ്ക്ക് താഴെ പൂർണ്ണമായി തളർന്ന ആളാണ് ഷിബു.

ഭാര്യയുമായുള്ള കടുത്ത കുടുംബവഴക്കിനെ തുടർന്ന് ഇയാൾ കുറച്ചുകാലമായി അഗതിമന്ദിരത്തിലാണ് കഴിയുന്നത്. എന്നാൽ ഷിബുവിന്റെ സ്വന്തം വീട്ടിൽ തന്നെയാണ് ഭാര്യ ഇപ്പോഴും താമസിക്കുന്നത്.

ഇവർ നൽകിയ പരാതിയിൽ ഷിബുവിനെതിരെ നേരത്തെ സ്ത്രീപീഡനത്തിന് കേസുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് ഭാര്യയെ തീർക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. അഗതിമന്ദിരത്തിൽ വച്ച് ഷിബുവിനെ പരിചരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനിടയിലാണ് പത്തൊമ്പതുകാരനായ വിഷ്ണുവുമായി ഇയാൾ അടുത്ത സൗഹൃദത്തിലാകുന്നത്.

തുടർന്ന് ഭാര്യയെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ വിഷ്ണുവിന് കൈമാറുകയായിരുന്നു. ഷിബുവിന്റെ നിർദ്ദേശപ്രകാരം വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപമുള്ള വീട്ടുപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ വിഷ്ണു കാത്തുനിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഷർട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മാരകമായ വടിവാൾ കണ്ടെടുത്തത്. തുടർന്നുള്ള കടുത്ത ചോദ്യം ചെയ്യലിലാണ് ഷിബു ജോർജിന്റെ ഭാര്യയെ വകവരുത്താൻ പ്ലാൻ ചെയ്താണ് താൻ എത്തിയതെന്ന് പ്രതി സമ്മതിച്ചത്.

ഇതോടെ അഗതിമന്ദിരത്തിൽ കഴിഞ്ഞിരുന്ന ഭർത്താവ് ഷിബുവിനെയും പോലീസ് സംഘം നേരിട്ടെത്തി പൊക്കുകയായിരുന്നു. ക്രൂരമായ കൊലപാതക ആസൂത്രണം കൃത്യസമയത്ത് കണ്ടെത്തിയതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364463/husband-arrested-for-giving-a-quotation-to-a-homeless-person-to-kill-his-wife)