---
title: "' ബീഫ് പ്രേമികളെ ഇനി എന്ത് ചെയ്യും' സംസ്ഥാനത്ത് ബീഫ് ലഭ്യത  രൂക്ഷം; ഇടുക്കിയിൽ ജൂൺ 12 മുതൽ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും"
english_title: "Beef shortage in the state is severe; Meat shops in Idukki to remain closed indefinitely from June 12"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364455/beef-shortage-in-the-state-is-severe-meat-shops-in-idukki-to-remain-closed-indefinitely-from-june-12"
published_at: "2026-06-07T12:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a251a3a3a4aa_drftdrth.jpg"
keywords: ["latest news", "Idukki", "beef"]
---

# ' ബീഫ് പ്രേമികളെ ഇനി എന്ത് ചെയ്യും' സംസ്ഥാനത്ത് ബീഫ് ലഭ്യത  രൂക്ഷം; ഇടുക്കിയിൽ ജൂൺ 12 മുതൽ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും

> **Lead Summary:** ഇടുക്കി: കേരളത്തിൽ മാട്ടിറച്ചി (ബീഫ്) ലഭ്യതയിൽ കടുത്ത ക്ഷാമം നേരിടുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകൾ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഒട്ടുമിക്കയിടങ്ങളിലും ഇറച്ചിക്കടകൾ അടഞ്ഞു കിടക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ജൂൺ 12 മുതൽ ഇടുക്കി ജില്ലയിലെ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു.

## Article Content

ഇടുക്കി: കേരളത്തിൽ മാട്ടിറച്ചി (ബീഫ്) ലഭ്യതയിൽ കടുത്ത ക്ഷാമം നേരിടുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകൾ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഒട്ടുമിക്കയിടങ്ങളിലും ഇറച്ചിക്കടകൾ അടഞ്ഞു കിടക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ജൂൺ 12 മുതൽ ഇടുക്കി ജില്ലയിലെ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു.

**കന്നുകാലികളുടെ വരവ് കുത്തനെ ഇടിഞ്ഞു**

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അറവുമാടുകളെ എത്തിച്ചിരുന്നത്. മുൻപ് മാസം തോറും ഒന്നര ലക്ഷത്തോളം കന്നുകാലികൾ കേരളത്തിൽ എത്തിയിരുന്ന സ്ഥാനത്ത്, ഇപ്പോഴിത് ഇരുപതിനായിരത്തിൽ താഴെയായി ചുരുങ്ങി. നിലവിൽ കേരളത്തിൽ വളർത്തുന്ന കന്നുകാലികളെ മാത്രമാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നത്.

** പ്രതിസന്ധിക്ക് കാരണങ്ങൾ**

 ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഗോസംരക്ഷക സംഘടനകൾ എന്ന പേരിൽ എത്തുന്നവർ കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ തടഞ്ഞ് പിടിച്ചെടുക്കുന്നു. വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനാൽ ഇടനിലക്കാർ മാടുകളെ എത്തിക്കാൻ മടിക്കുകയാണ്.

കഴിഞ്ഞ മെയ് മാസം മുതൽ ആന്ധ്രാപ്രദേശിൽ കന്നുകാലികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞും വലിയ തോതിൽ മാടുകളെ പിടിച്ചെടുക്കുന്നുണ്ട്.

**വില കുതിച്ചുയരുന്നു**

മാട് ക്ഷാമം രൂക്ഷമായതോടെ ബീഫിന്റെ വിലയും കുത്തനെ കൂടി. ഇടുക്കി കട്ടപ്പനയിൽ മുൻപ് കിലോയ്ക്ക് 380 രൂപയുണ്ടായിരുന്ന പോത്തിറച്ചിക്ക് ഇപ്പോൾ 440 രൂപയാണ് ഈടാക്കുന്നത്.

അറവുമാടുകളെ എത്തിക്കുന്നത് തടയുന്നവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരുടെ സംഘടനയായ 'മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ' നാല് സംസ്ഥാന സർക്കാരുകൾക്കും കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കാണാൻ ഒരുങ്ങുകയാണ് സംഘടനാ ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364455/beef-shortage-in-the-state-is-severe-meat-shops-in-idukki-to-remain-closed-indefinitely-from-june-12)