---
title: "പോക്സോ കേസിൽ പ്രായം നിർണ്ണയിക്കാൻ എസ്എസ്എൽസി ബുക്ക് മതിയായ രേഖ; ഹൈക്കോടതി"
english_title: "High Court says SSLC book sufficient document to determine age in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364423/high-court-says-sslc-book-sufficient-document-to-determine-age-in-pocso-case"
published_at: "2026-06-07T11:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a96ce760a16_highcourt.jpg"
keywords: ["LATEST NEWS", "KERALA HIGH COURT", "SSLC BOOK", "POCSO"]
---

# പോക്സോ കേസിൽ പ്രായം നിർണ്ണയിക്കാൻ എസ്എസ്എൽസി ബുക്ക് മതിയായ രേഖ; ഹൈക്കോടതി

> **Lead Summary:** കൊച്ചി: പോക്സോ കേസുകളിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച മഞ്ചേരി പോക്സോ കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

## Article Content

കൊച്ചി: പോക്സോ കേസുകളിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച മഞ്ചേരി പോക്സോ കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

മലപ്പുറം സ്വദേശിയായ 41-കാരനാണ് ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നൃത്ത പഠനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. പീഡനത്തെ തുടർന്ന് ഗർഭിണിയായ അതിജീവിത പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.

 അതിജീവിതയ്ക്ക് 18 വയസ്സിൽ താഴെയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും, കോടതിയിൽ ഹാജരാക്കിയ എസ്എസ്എൽസി ബുക്കും സ്കൂൾ അഡ്മിഷൻ രജിസ്റ്ററും പ്രായം തെളിയിക്കാനുള്ള കൃത്യമായ രേഖകളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.

എന്നാൽ ഒരു വ്യക്തിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള ഔദ്യോഗിക രേഖയാണ് എസ്എസ്എൽസി സർട്ടിഫിക്കറ്റെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ പ്രായത്തിന്റെ കാര്യത്തിൽ മറ്റ് സംശയങ്ങൾക്ക് ഇടയില്ല.

പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛൻ പ്രതി തന്നെയെന്ന് ഡിഎൻഎ പരിശോധനയിലൂടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്ക് 18 വയസ്സിൽ താഴെ പ്രായമുള്ളതിനാൽ, ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന പ്രതിയുടെ വാദത്തിന് നിയമപരമായി യാതൊരു പ്രസക്തിയുമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364423/high-court-says-sslc-book-sufficient-document-to-determine-age-in-pocso-case)