---
title: "വീണതല്ല, സ്വയം ഒളിച്ചതാണ്! കോഴിക്കോട് ഓടയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയുടെ കഥയിൽ വമ്പൻ ട്വിസ്റ്റ്"
english_title: "Mystery of guest worker trapped in Kozhikode city sewer solved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364416/Mystery-of-guest-worker-trapped-in-Kozhikode-city-sewer-solved"
published_at: "2026-06-07T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24faf8472b4_DGFHB.jpg"
keywords: ["LATEST NEWS", "DRAINAGE", "KOZHIKODE"]
---

# വീണതല്ല, സ്വയം ഒളിച്ചതാണ്! കോഴിക്കോട് ഓടയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയുടെ കഥയിൽ വമ്പൻ ട്വിസ്റ്റ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹതകൾക്ക് ഒടുവിൽ ശുഭപര്യവസായം. സുഹൃത്തുക്കളുമായി വഴക്കിട്ട് താൻ സ്വയം ഓടയിൽ ഒളിച്ചതാണെന്ന് ബംഗാൾ സ്വദേശിയായ അജയ് ഉറവ് പൊലീസിനോട് സമ്മതിച്ചു.

## Article Content

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹതകൾക്ക് ഒടുവിൽ ശുഭപര്യവസായം. സുഹൃത്തുക്കളുമായി വഴക്കിട്ട് താൻ സ്വയം ഓടയിൽ ഒളിച്ചതാണെന്ന് ബംഗാൾ സ്വദേശിയായ അജയ് ഉറവ് പൊലീസിനോട് സമ്മതിച്ചു.

കണ്ണൂരിലെ ജോലിസ്ഥലത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് അജയ് കൂടെയുള്ളവരുമായി വഴക്കിട്ടത്. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓടിയ ഇയാൾ, തന്നെ തിരഞ്ഞെത്തിയ സുഹൃത്തുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓവുചാലിൽ കയറി ഒളിക്കുകയായിരുന്നു. എന്നാൽ പിന്നീട് പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെയാണ് കൈ പുറത്തേക്കിട്ട് ഇയാൾ സഹായം തേടിയത്.

യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള മാൻഹോളുകൾ ഉണ്ടായിരുന്നില്ല. കൂടാതെ ഓടയുടെ മുകൾഭാഗം സ്ലാബുകൾ ഇട്ട് പൂർണ്ണമായും മൂടിയ നിലയിലുമായിരുന്നു. ഇതാണ് ഇയാൾ എങ്ങനെ ഉള്ളിൽ പെട്ടു എന്ന കാര്യത്തിൽ പൊലീസിന് വലിയ ദുരൂഹത ഉണ്ടാക്കിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തുവന്നത്.

കോൺക്രീറ്റ് പൊളിച്ചാൽ യുവാവിന് പരിക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ അഗ്നിരക്ഷാസേന ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് സ്ലാബുകൾ ഉയർത്തിമാറ്റിയാണ് ഇയാളെ പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കുവെള്ളവും ചെളിയും പുരണ്ടിരുന്നെങ്കിലും അജയിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളെ ഉടൻ തന്നെ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364416/Mystery-of-guest-worker-trapped-in-Kozhikode-city-sewer-solved)