---
title: "റൺസ് അടിച്ചു കൂട്ടിയിട്ടും ഗില്ലിന് ടി20 ടീമിൽ ഇടമില്ല! കാരണം "
english_title: "Despite scoring runs, Gill has no place in the T20 team because"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364399/despite-scoring-runs-gill-has-no-place-in-the-t20-team-because"
published_at: "2026-06-07T09:31:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09aaee1cd7f_HFGHFD.jpg"
keywords: ["sports", "Gill", "T20", "cricket"]
---

# റൺസ് അടിച്ചു കൂട്ടിയിട്ടും ഗില്ലിന് ടി20 ടീമിൽ ഇടമില്ല! കാരണം 

> **Lead Summary:** മുംബൈ: ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തെങ്കിലും, യുവതാരം ശുഭ്മാൻ ഗില്ലിനെ ഇന്ത്യൻ ടി20 ടീമിലേക്ക് തൽക്കാലം പരിഗണിക്കേണ്ടെന്ന് സെലക്ടർമാരുടെ തീരുമാനം. അമിത ജോലിഭാരവും പരിക്കുകളും ഒഴിവാക്കുന്നതിനായി, 2027 ഏകദിന ലോകകപ്പ് വരെ ടെസ്റ്റ് (റെഡ്-ബോൾ), ഏകദിന ക്രിക്കറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ ഗില്ലിനോട് ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

## Article Content

മുംബൈ: ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തെങ്കിലും, യുവതാരം ശുഭ്മാൻ ഗില്ലിനെ ഇന്ത്യൻ ടി20 ടീമിലേക്ക് തൽക്കാലം പരിഗണിക്കേണ്ടെന്ന് സെലക്ടർമാരുടെ തീരുമാനം. അമിത ജോലിഭാരവും പരിക്കുകളും ഒഴിവാക്കുന്നതിനായി, 2027 ഏകദിന ലോകകപ്പ് വരെ ടെസ്റ്റ് (റെഡ്-ബോൾ), ഏകദിന ക്രിക്കറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ ഗില്ലിനോട് ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്തിനായി 163-ലധികം സ്ട്രൈക്ക് റേറ്റിൽ 732 റൺസ് ഗിൽ അടിച്ചുകൂട്ടിയിരുന്നു. എന്നാൽ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ് എന്നിവരെല്ലാം ഓപ്പണിംഗിലും ടോപ് ഓർഡറിലും ശക്തമായ മത്സരവുമായി രംഗത്തുള്ളതും സെലക്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ചു.

അടുത്ത 18 മാസത്തെ മത്സരക്രമം അനുസരിച്ച് ഒരു കളിക്കാരന് മൂന്ന് ഫോർമാറ്റിലും ഒരേപോലെ തിളങ്ങുക അസാധ്യമാണ്. മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുന്നത് ഗില്ലിന്റെ ഫിറ്റ്നസിനെ ബാധിക്കുമെന്ന ആശങ്ക സെലക്ഷൻ കമ്മിറ്റിക്കുണ്ട്.

അടുത്ത രണ്ട് വർഷത്തിനിടയിൽ 9 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും, 2027 ലോകകപ്പിന് മുൻപായി 35-ഓളം ഏകദിനങ്ങളിലും ഗില്ലിന് ഇന്ത്യയെ നയിക്കേണ്ടതുണ്ട്. ഈ പ്രധാന ഐസിസി ടൂർണമെന്റുകൾക്കായി താരം പൂർണ്ണ ഫിറ്റ്നസോടെ ഇരിക്കണമെന്ന കാര്യത്തിൽ വ്യക്തമായ ആശയവിനിമയം നടന്നിട്ടുണ്ട്. കൂടാതെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെയും ഗില്ലിന് നയിക്കേണ്ടതുണ്ട്.

താരം പൂർണ്ണമായി ടി20 ഫോർമാറ്റിൽ നിന്ന് പുറത്തായെന്ന് ഇതിനർത്ഥമില്ല. 2028-ൽ നടക്കാനിരിക്കുന്ന ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്, ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗിൽ വീണ്ടും ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364399/despite-scoring-runs-gill-has-no-place-in-the-t20-team-because)