---
title: "'നികത്താനാകാത്ത നഷ്ടം, അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്‍മാര്‍ക്ക് എക്കാലവും പ്രചോദനം'; സലിം കുമാറിൻ്റെ വിയോഗത്തിൽ പിണറായി വിജയൻ"
english_title: "Opposition leader Pinarayi Vijayan expressed condolences on the demise of actor Salim Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364366/opposition-leader-pinarayi-vijayan-expressed-condolences-on-the-demise-of-actor-salim-kumar"
published_at: "2026-06-07T05:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24bb69c5f69_salim_kumar_pinarayi.jpg"
keywords: ["Latest News", "Malayalam Actor", "Salim Kumar", "Pinarayi Vijayan"]
---

# 'നികത്താനാകാത്ത നഷ്ടം, അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്‍മാര്‍ക്ക് എക്കാലവും പ്രചോദനം'; സലിം കുമാറിൻ്റെ വിയോഗത്തിൽ പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മിമിക്രി കലാകാരനില്‍ നിന്ന് ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്‍മാര്‍ക്ക് എക്കാലവും പ്രചോദനം പകരും.

സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇന്നലെ രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം സ്ഥിരീകരിച്ചത്. 56 വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും.

ഉച്ചയ്ക്ക് ശേഷം വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാര്‍ ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു.

മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാര്‍ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ല്‍ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം.

2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കി.

മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്.

സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കറുത്ത ജൂതന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളില്‍ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത് സലിം കുമാറായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364366/opposition-leader-pinarayi-vijayan-expressed-condolences-on-the-demise-of-actor-salim-kumar)