---
title: "വഴിയരികില്‍ മാലിന്യം തള്ളുന്നതിന്റെ വീഡിയോ പ്രചരിച്ചു;പിന്നാലെ യുവാവ് ജീവനൊടുക്കി"
english_title: "A young man committed suicide after a video of him dumping garbage on the roadside went viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364349/a-young-man-committed-suicide-after-a-video-of-him-dumping-garbage-on-the-roadside-went-viral"
published_at: "2026-06-06T21:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a244208d217c_goa.jpg"
keywords: ["Latest News", "Suicide"]
---

# വഴിയരികില്‍ മാലിന്യം തള്ളുന്നതിന്റെ വീഡിയോ പ്രചരിച്ചു;പിന്നാലെ യുവാവ് ജീവനൊടുക്കി

> **Lead Summary:** **ഗോവ: **വഴിയരികില്‍ മാലിന്യം തള്ളുന്നതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവയിലാണ് ദാരുണമായ സംഭവം നടന്നത്.

## Article Content

**ഗോവ: **വഴിയരികില്‍ മാലിന്യം തള്ളുന്നതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവയിലാണ് ദാരുണമായ സംഭവം നടന്നത്.

സാമുവല്‍ ഡി ബ്രഗാങ്ക എന്ന 23 കാരനാണ് മരണപ്പെട്ടത്. മാലിന്യം തള്ളുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ സാമുവലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

രണ്ടാം വര്‍ഷ ബിരുധ വിദ്യാര്‍ഥിയായ സാമുവല്‍ അമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. നോര്‍ത്ത് ഗോവയിലെ റോഡരികില്‍ സാമുവല്‍ മാലിന്യം തള്ളുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

വീഡിയോ പ്രചരിച്ചതോടെ, യുവാവിനു നേരെ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നു. പൊലീസ് കേസുമെടുത്തു. ഇതിനു പിന്നാലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.

വീട്ടിലുണ്ടായിരുന്ന ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു കൃത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്ത സൈബര്‍ ആക്രമണവും മാനസിക സമ്മര്‍ദവുമാണ് ജീവനൊടുക്കാന്‍ കാരണം എന്നാണ് സൂചന.

വീഡിയോ വൈറലായതിനു പിന്നാലെ, സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനങ്ങളിലും കുറ്റപ്പെടുത്തലുകളിലും സാമുവല്‍ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364349/a-young-man-committed-suicide-after-a-video-of-him-dumping-garbage-on-the-roadside-went-viral)