---
title: "'കാഫിർ സ്ക്രീൻഷോട്ട് എവിടെ നിന്ന് ലഭിച്ചെന്ന് അറിയില്ല'; ഇടത് സൈബർ ഗ്രൂപ്പ് അഡ്‌മിൻ വടകര  സ്വദേശിയുടെ മൊഴി"
english_title: "Left cyber group admin says he doesn't know where he got the screenshot in the Vadakara Kafir screenshot case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364298/left-cyber-group-admin-says-he-doesnt-know-where-he-got-the-screenshot-in-the-vadakara-kafir-screenshot-case-"
published_at: "2026-06-06T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f8cd17311_kafir_case.jpg"
keywords: ["Latest News", "Kafir Screenshot Case", "Whatsapp Group", "Vatakara"]
---

# 'കാഫിർ സ്ക്രീൻഷോട്ട് എവിടെ നിന്ന് ലഭിച്ചെന്ന് അറിയില്ല'; ഇടത് സൈബർ ഗ്രൂപ്പ് അഡ്‌മിൻ വടകര  സ്വദേശിയുടെ മൊഴി

> **Lead Summary:** **കോഴിക്കോട്: **വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ലെന്ന് ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻ്റെ മൊഴി.

## Article Content

**കോഴിക്കോട്: **വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ലെന്ന് ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻ്റെ മൊഴി.

വടകര തിരുവള്ളൂർ സ്വദേശി ജിതിനാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വടകരസ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിൻ്റെ അഡ്മിനാണ് ജിതിൻ. വടകര സ്ക്വാഡ് ഗ്രൂപ്പിൽ നിന്നും കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം തൃപ്തികരമാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. ഇപ്പോൾ ഒരു ആക്ഷേപവും പറയുന്നില്ലെന്നും കേസിൽ അന്വേഷണം നടക്കട്ടെയെന്നും എം. മെഹബൂബ് വ്യക്തമാക്കി.

സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.

യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖാ സെകട്ടറിയുടെ മൊഴിയും അന്വേഷണ സംഘം ഇന്നെടുക്കും. ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം ഈ ശാഖാ കമ്മിറ്റിയുടെ വാട്ട്സ് അപ് ഗ്രുപ്പിൽ ഈ പോസ്റ്റ് ഇട്ടെന്നാണ് സിപിഎം ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ടി.മനോഹരൻ്റെ നേതൃത്വത്തിലാകും മൊഴിയെടുപ്പ്.

പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് കണ്ട് അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് കേസാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും അന്വേഷിക്കുക.

അന്വേഷണ സംഘത്തിൻ്റെ ആദ്യ യോഗത്തിൽ കേസിൻ്റെ നിലവിലെ അവസ്ഥ വിലയിരുത്തിയ സംഘം തുടർനീക്കങ്ങൾക്ക്രൂപം നൽകി. സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ്റെ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാകും അന്വേഷണം

കോഴിക്കോട് റൂറൽ എസ്‍പി ഫറാഷ്, അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ടി. മനോഹരൻ ഉൾപ്പെടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു .

അന്വേഷണസംഘത്തിൽ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂടുതലായി ഉൾപ്പെടുത്തിയതിൽ യുഡിഎഫ് പ്രവർത്തകര്‍ക്ക് അതൃപ്തിയുണ്ട്. സംഘത്തിലെ സിഐ ദിനേശ് എ.വി സിപിഎം സഹയാത്രികനാണ്.വടകര ചാനിയം കടവിൽ ലീഗ് പ്രവർത്തകൻ്റെ വീട്ടിൽ അതിക്രമം കാണിച്ചെന്ന ആക്ഷേപമുള്ള. കെ. രഞ്ജിത്ത് ആണ് മറ്റൊരാൾ.

പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് ഉൾപെടെ എസ്‍ഐടിയിലെ ഭൂരിഭാഗം അംഗങ്ങളും സിപിഎം സഹയാത്രികരെന്നാണ് പരാതി. റുറൽ എസ്‍പി ഫറാഷിൻ്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന പരാതി യുഡിഎഫ് നേതാക്കൾക്കുണ്ട്.

എസ്‍പിയെ നിയന്ത്രിക്കുന്നത് എകെജി സെൻ്ററിൽ നിന്നാണെന്ന് തോന്നുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. പരാതികൾക്ക് പരിഹാരമുണ്ടാകുമെന്ന മറുപടിയാണ് യുഡിഎഫ് നേതാക്കളിൽ നിന്ന് യുവജന നേതാക്കൾക്ക് കിട്ടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364298/left-cyber-group-admin-says-he-doesnt-know-where-he-got-the-screenshot-in-the-vadakara-kafir-screenshot-case-)