#Latest News #US News #Donald Trump #US Deporting Indian Citizens
ന്യൂഡൽഹി : ( www.truevisionnews.com ) അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികൾ കർശനമാക്കിയതിനെ തുടർന്ന്, ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ യു.എസ്. നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം (2025) ആകെ 3,567 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ വാർഷിക കണക്കിൽ നിലവിൽ നേരിയ കുറവുണ്ടെങ്കിലും, നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഇപ്പോഴും വളരെ ഉയർന്ന നിരക്കിലാണെന്നാണ് വിലയിരുത്തൽ.
രേഖകളില്ലാതെ അമേരിക്കയിൽ കഴിഞ്ഞവരും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരുമാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. നിയമവിരുദ്ധമായ കുടിയേറ്റങ്ങൾ തടയുന്നതിനൊപ്പം, നിയമപരമായ കുടിയേറ്റങ്ങൾക്ക് യാതൊരുവിധ തടസങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്.
വിദേശരാജ്യങ്ങളിൽ നിയമവിരുദ്ധമായി താമസിക്കുന്ന പൗരന്മാരുടെ ദേശീയത പരിശോധിച്ച് ബോധ്യപ്പെട്ടാൽ അവരെ തിരികെ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. അമേരിക്കൻ അധികൃതർ നാടുകടത്താൻ തയ്യാറാക്കുന്ന വ്യക്തികളുടെ പട്ടിക ഇന്ത്യൻ ഏജൻസികൾ കൃത്യമായി പരിശോധിച്ച് അവർ ഇന്ത്യൻ പൗരന്മാർ തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തിരികെ നാട്ടിലെത്തിക്കുന്നത്.
മതിയായ രേഖകളില്ലാതെ അമേരിക്കയിൽ കൊമേഴ്‌സ്യൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന 30 ഇന്ത്യൻ പൗരന്മാരെ ഈ ആഴ്ച യുഎസ് അധികൃതർ പിടികൂടി. ഇവരെ ഉടൻ തന്നെ ഇന്ത്യയിലേക്ക് അയക്കും. മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ യുഎസ് ബോർഡർ പട്രോൾ അരിസോണയിൽ നടത്തിയ 'ഓപ്പറേഷൻ ചെക്ക്മേറ്റ്' എന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ കുടുങ്ങിയ 36 ട്രക്ക് ഡ്രൈവർമാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു.
ഇവരിൽ പലർക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലായിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ഇവർക്ക് ലഭിച്ച തൊഴിൽ പെർമിറ്റുകളുടെ കാലാവധി കഴിഞ്ഞതായും കണ്ടെത്തി. ഫെഡറൽ നിയമപ്രകാരം ഇവർക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Content Highlight: US tightens anti-immigration crackdown; 1,076 Indians deported so far this year
#Latest News #US News #Donald Trump #US Deporting Indian Citizens




































