---
title: "വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി കെഎസ്കെടിയു"
english_title: "KSKTU files complaint against MLA V. Muraleedharan to Speaker for racially abusing students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364272/ksktu-files-complaint-against-mla-v-muraleedharan-to-speaker-for-racially-abusing-students-"
published_at: "2026-06-06T15:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23ea329f3ce_KSKTU_files_complaint_against_MLA_V.jpg"
keywords: ["Latest News", "V Muralidharan MLA", "Kattela School", "KSKTU"]
---

# വിദ്യാർത്ഥികളെ ജാത്യാധിക്ഷേപം ചെയ്തു; വി മുരളീധരൻ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി നൽകി കെഎസ്കെടിയു

> **Lead Summary:** തിരുവനന്തപുരം: കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതുതായി പ്രവേശനംനേടിയ പട്ടികവര്‍​ഗ വിഭാഗത്തിലുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ജാത്യാധിക്ഷേപം നടത്തിയ വി മുരളീധരൻ എംഎൽഎയ്ക്കെതിരെ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.

## Article Content

തിരുവനന്തപുരം: കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതുതായി പ്രവേശനംനേടിയ പട്ടികവര്‍​ഗ വിഭാഗത്തിലുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ജാത്യാധിക്ഷേപം നടത്തിയ വി മുരളീധരൻ എംഎൽഎയ്ക്കെതിരെ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.

നിയമസഭാംഗമായ വി മുരളീധരനില്‍ നിന്നും പട്ടികവര്‍​ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവിക്കേണ്ടിവന്ന അവഹേളനവും അപമാനവും നിയമസഭയുടെ അന്തസ്സിനും അംഗങ്ങളുടെ മാന്യമായ ഭരണഘടനാധിഷ്ഠിതമായ പെരുമാറ്റത്തിനും നിരക്കാത്ത നടപടിയാണെന്ന് കെഎസ്കെടിയു പരാതിയില്‍ പറഞ്ഞു.

ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി, ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മൂല്യങ്ങളും ചട്ടങ്ങളും മര്യാദകളും പാലിക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയമസഭാംഗങ്ങളില്‍ നിന്നും ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല.

കട്ടേല ട്രൈബല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ എംഎല്‍എയില്‍ നിന്നുണ്ടായ സവര്‍ണ ജാതി പ്രയോഗത്തെക്കുറിച്ചും ജാത്യാധിക്ഷേപത്തെ സംബന്ധിച്ചും ഗൗരവപൂര്‍ണ്ണമായ അന്വേഷണം നടത്തി എംഎല്‍എയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്കെടിയു ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364272/ksktu-files-complaint-against-mla-v-muraleedharan-to-speaker-for-racially-abusing-students-)