---
title: "കണ്ണിൽ ചോരയില്ലേ ....? ക്ലാസിൽ സംസാരിച്ചതിന് നാല് വയസുകാരിയുടെ ചുണ്ടുകൾ ഗ്ലൂ ഗൺ തേച്ച് പൊള്ളിച്ച് അധ്യാപിക"
english_title: "Teacher suspended after burning four-year-old student's lips twice with a hot glue gun for talking in class"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364264/teacher-suspended-after-burning-four-year-old-students-lips-twice-with-a-hot-glue-gun-for-talking-in-class"
published_at: "2026-06-06T14:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23e3c4f23d0_chaina.jpg"
keywords: ["Latest News", "Teacher", "Suspended"]
---

# കണ്ണിൽ ചോരയില്ലേ ....? ക്ലാസിൽ സംസാരിച്ചതിന് നാല് വയസുകാരിയുടെ ചുണ്ടുകൾ ഗ്ലൂ ഗൺ തേച്ച് പൊള്ളിച്ച് അധ്യാപിക

> **Lead Summary:** **ചൈന: ** ക്ലാസിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് രണ്ട് തവണ പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

## Article Content

**ചൈന: ** ക്ലാസിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് രണ്ട് തവണ പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലെ ഫെങ്‌സിയാൻ കൗണ്ടിയിലുള്ള ഒരു നഴ്സറി സ്കൂളിൽ മെയ് 27 -ാം തീയതിയാണ് ഈ ക്രൂരത അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ക്ലാസ് നടക്കുമ്പോൾ കുട്ടികൾ സംസാരിച്ചതിൽ പ്രകോപിതയായ ചെൻ എന്ന അധ്യാപിക, കുട്ടികളെ ശിക്ഷിക്കാനായി ഓരോരുത്തരെയായി വരിയായി നിർത്തുന്നത് ക്ലാസ് റൂമിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആദ്യം ഒരു ആൺകുട്ടിയുടെ കൈവെള്ളയിൽ അധ്യാപിക ഗ്ലൂ ഗൺ വെച്ച് തൊട്ടു. കുട്ടി പെട്ടെന്ന് തന്നെ കൈ പിൻവലിച്ചെങ്കിലും അധ്യാപിക അവനെ അടിക്കുകയും പിന്നീട് പോകാൻ അനുവദിക്കുകയും ചെയ്തു. തുടർന്നാണ് നാല് വയസ്സുകാരിയായ പെൺകുട്ടിയെ അധ്യാപിക മുന്നോട്ട് വലിച്ചിഴച്ച് കൊണ്ടുവന്നത്.

കുട്ടി കുതറി മാറാൻ ശ്രമിച്ചെങ്കിലും അധ്യാപിക ഗ്ലൂ ഗൺ ഉപയോഗിച്ച് കുട്ടിയുടെ മുകൾ ചുണ്ടിൽ രണ്ട് തവണ ക്രൂരമായി പൊള്ളിക്കുകയായിരുന്നു. ഈ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു പുരുഷ അധ്യാപകൻ ഇത് കണ്ടിട്ടും ഇടപെടാനോ കുട്ടിയെ രക്ഷിക്കാനോ ശ്രമിക്കുന്നില്ലെന്നും ദൃശ്യങ്ങളിൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364264/teacher-suspended-after-burning-four-year-old-students-lips-twice-with-a-hot-glue-gun-for-talking-in-class)