---
title: "'എന്നോട് ക്ഷമിക്കൂ, ഞാൻ എല്ലാം നശിപ്പിച്ചു...'; വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് മുക്കി,   പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്"
english_title: "Show cause notice issued to police officer for failing to include student's suicide note in case files"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364239/show-cause-notice-issued-to-police-officer-for-failing-to-include-students-suicide-note-in-case-files"
published_at: "2026-06-06T13:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23cec9c34cd_SUICIDE_CASE.jpg"
keywords: ["Latest News", "Suicide Case", "Suicide Note", "NEET Exam", "Police"]
---

# 'എന്നോട് ക്ഷമിക്കൂ, ഞാൻ എല്ലാം നശിപ്പിച്ചു...'; വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് മുക്കി,   പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്

> **Lead Summary:** **നാഗ്പൂർ: ** നീറ്റ് യുജി പരീക്ഷാ സംവിധാനത്തിലെ വീഴ്ചയെ തുടർന്നുള്ള നിരാശയിൽ ജീവനൊടുക്കിയ 18 കാരിയായ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കേസ് ഫയലുകളിൽ ഉൾപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.

## Article Content

**നാഗ്പൂർ: ** നീറ്റ് യുജി പരീക്ഷാ സംവിധാനത്തിലെ വീഴ്ചയെ തുടർന്നുള്ള നിരാശയിൽ ജീവനൊടുക്കിയ 18 കാരിയായ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കേസ് ഫയലുകളിൽ ഉൾപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.

നാഗ്പൂര്‍ അമ്പാഴരി പോലീസ് സ്റ്റേഷനിലെ ഇൻവെസ്റ്റിഗേഷൻ ഓഫീസർ നിഖിൽ തഭാനെക്കെതിരെയാണ് നടപടി.

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ വീണ്ടും നടത്താനുള്ള തീരുമാനത്തിൽ മനംനൊന്ത് മേയ് 20-നാണ് മധ്യപ്രദേശ് സ്വദേശിനിയായ ആകാൻക്ഷ ചതുർവേദിയെന്ന 18 കാരി നാഗ്പൂരിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.

പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് പോലീസ് സ്റ്റേഷൻ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും, കേസുമായി ബന്ധപ്പെട്ട പ്രധാന ഔദ്യോഗിക ഫയലുകളിലൊന്നും ഇത് ഉൾപ്പെടുത്തിയിരുന്നില്ല.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിത്യാനന്ദ് ഝാ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെപ്പോലും ഈ കത്തിന്റെ കാര്യത്തെക്കുറിച്ച് അറിയിച്ചിരുന്നില്ല എന്നും പറയുന്നു.

എന്നാൽ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് സ്റ്റേഷൻ ഡയറിയിൽ പരാമർശിച്ചിരുന്നു. കേസ് പേപ്പറുകളിൽ ഇത് ഉൾപ്പെടുത്തിയിരുന്നില്ല, സംഭവം പുറത്തായതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം നടത്തി.

ശക്തമായ നിയമ പ്രശ്നവും പ്രതിഷേധവും ഉണ്ടാവുമെന്ന് ഉറപ്പായതോടെ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ ഉദ്യോഗസ്ഥനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

മകൾ പഠിച്ച് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ അവൾ പരിശീലനത്തിനായി ചേര്‍ന്ന സ്ഥാപനം ഉൾപ്പെടുന്ന നാഗ്പൂരിൽ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു ആകാൻക്ഷയുടെ പിതാവ് കൃഷ്ണകുമാർ ചതുർവേദി. നാട്ടിൽ ചെറുകിട കാര്‍ഷിക ജോലികൾ ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. പഠനത്തിൽ മിടുക്കിയായിരുന്നു മകൾ.

മേയ് 3-ന് നടന്ന പരീക്ഷയ്ക്ക് ശേഷം 650-ലധികം മാർക്ക് ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആകാൻക്ഷ. എന്നാൽ പേപ്പർ ചോർച്ചാ വിവാദങ്ങളും വീണ്ടും പരീക്ഷ എഴുതേണ്ടി വരുമെന്ന വാർത്തകളും കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. മരണവിവരമറിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ജൂൺ 1-ന് പഠനമുറിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്നാണ് കുടുംബാംഗങ്ങൾക്ക് ഈ കത്ത് ലഭിച്ചത്.**

> *"അമ്മേ, അച്ഛാ... ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. പക്ഷേ വീണ്ടുമൊരു പരീക്ഷ എഴുതാൻ എനിക്ക് ധൈര്യമില്ല. ആദ്യ പരീക്ഷയിൽ എനിക്ക് നല്ല മാർക്ക് കിട്ടുമായിരുന്നു. എന്നാൽ വീണ്ടും എഴുതുമ്പോൾ നല്ല മാർക്ക് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ, ഞാൻ എല്ലാം നശിപ്പിച്ചു..." ***എന്നായിരുന്നു കുട്ടി അവസാനമായി കത്തിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364239/show-cause-notice-issued-to-police-officer-for-failing-to-include-students-suicide-note-in-case-files)