---
title: "സി.ജെ.പി പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ; 'ജയ് ശ്രീറാം' വിളികളുമായി തടയാനെത്തിയവരെ മാറ്റി ദില്ലി പോലീസ്; സോഷ്യൽ മീഡിയയിലെ പിന്തുണ തെരുവിലില്ല!"
english_title: "Delhi Police removes those who came to stop them with 'Jai Shri Ram' chants; Support on social media is not on the streets!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364238/delhi-police-removes-those-who-came-to-stop-them-with-jai-shri-ram-chants-support-on-social-media-is-not-on-the-streets"
published_at: "2026-06-06T13:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23cec76e4ed_FTGH.jpg"
keywords: ["LATEST NEWS", "CJP", "ABIJITH", "NEET", "CBSE"]
---

# സി.ജെ.പി പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ; 'ജയ് ശ്രീറാം' വിളികളുമായി തടയാനെത്തിയവരെ മാറ്റി ദില്ലി പോലീസ്; സോഷ്യൽ മീഡിയയിലെ പിന്തുണ തെരുവിലില്ല!

> **Lead Summary:** ദില്ലി: **[**നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യത്ത് ഉയരുന്ന യുവരോഷത്തിന്റെ പ്രതീകമായി സി.ജെ.പിയുടെ ജന്തർമന്തറിലെ പ്രതിഷേധം മാറി. സോഷ്യൽ മീഡിയയിലെ വൻ പിന്തുണയ്ക്കനുസരിച്ച് ആളുകൾ നേരിട്ടെത്തിയില്ലെങ്കിലും, സി.ജെ.പിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ ഡൽഹിയിലേക്ക് ഒഴുകിയെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു.

## Article Content

ദില്ലി: **[**നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യത്ത് ഉയരുന്ന യുവരോഷത്തിന്റെ പ്രതീകമായി സി.ജെ.പിയുടെ ജന്തർമന്തറിലെ പ്രതിഷേധം മാറി. സോഷ്യൽ മീഡിയയിലെ വൻ പിന്തുണയ്ക്കനുസരിച്ച് ആളുകൾ നേരിട്ടെത്തിയില്ലെങ്കിലും, സി.ജെ.പിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ ഡൽഹിയിലേക്ക് ഒഴുകിയെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു.

സി.ജെ.പിയുടെ ഔദ്യോഗിക ചിഹ്നമായ പാറ്റയുടെ (Cockroach) ചിത്രം പതിച്ച ടീഷർട്ടും കൈകളിൽ ദേശീയപതാകയും ഏന്തിയാണ് പ്രതിഷേധക്കാർ ജന്തർമന്തറിൽ ഒത്തുകൂടിയത്. സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് കാത്ത് രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, യു.പി, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കാളികളായി.

സി.ജെ.പി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എസ്.എഫ്.ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകളും ജന്തർമന്തറിലെത്തി. പ്രതിഷേധത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായി എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കി. അതിനിടെ, 'ജയ് ശ്രീറാം' വിളികളുമായി ഒരു സംഘം സി.ജെ.പി പ്രതിഷേധത്തെ എതിർത്ത് രംഗത്തെത്തി. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായെങ്കിലും പോലീസ് ഉടൻ തന്നെ ഇവരെ ജന്തർമന്തറിൽ നിന്ന് നീക്കം ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ ചെറിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ നേടാൻ സി.ജെപിക്ക് കഴിഞ്ഞിരുന്നെങ്കിലും, തെരുവിലെ സമരത്തിലേക്ക് അത്രയും ജനങ്ങളെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശക്തമായ സാന്നിധ്യം സമരത്തിലുടനീളം പ്രകടമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള പോലീസ് നടപടിയുണ്ടായാൽ അത് നിലവിലെ യുവരോഷത്തിന് കൂടുതൽ ഊർജ്ജമാകുമെന്ന് കണ്ടാണ് പോലീസ് വലിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാക്കാതെ പിൻമാറിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364238/delhi-police-removes-those-who-came-to-stop-them-with-jai-shri-ram-chants-support-on-social-media-is-not-on-the-streets)