---
title: "പരപുരുഷന് 'ചുംബന ഇമോജി' അയച്ചോ?; ഡോക്ടർ ദമ്പതികളുടെ വിവാഹമോചനക്കേസിലെ ചോദ്യം ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി"
english_title: "Jammu and Kashmir and Ladakh High Court refuses to drop question related to kiss emojis while hearing divorce case in family court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364237/jammu-and-kashmir-and-ladakh-high-court-refuses-to-drop-question-related-to-kiss-emojis-while-hearing-divorce-case-in-family-court"
published_at: "2026-06-06T13:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a43c2d477_court.jpg"
keywords: ["Latest News", "High Court", "Divorce Case"]
---

# പരപുരുഷന് 'ചുംബന ഇമോജി' അയച്ചോ?; ഡോക്ടർ ദമ്പതികളുടെ വിവാഹമോചനക്കേസിലെ ചോദ്യം ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി

> **Lead Summary:** **ജമ്മുകശ്മീർ : ** കുടുംബക്കോടതിയില്‍ വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ചുംബന ഇമോജികളുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കാന്‍ വിസമ്മതിച്ച് ജമ്മു-കശ്മീര്‍, ലഡാക്ക് ഹൈക്കോടതി.

## Article Content

**ജമ്മുകശ്മീർ : ** കുടുംബക്കോടതിയില്‍ വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ചുംബന ഇമോജികളുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കാന്‍ വിസമ്മതിച്ച് ജമ്മു-കശ്മീര്‍, ലഡാക്ക് ഹൈക്കോടതി.

ഡോക്ടര്‍ ദമ്പതികളുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പരപുരുഷന് ഭാര്യ ചുംബന ഇമോജി അയച്ചിരുന്നോ എന്ന ചോദ്യമാണ് കുടുംബക്കോടതി ചോദിച്ചത്. ഈ ചോദ്യത്തിന് എതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, വിചാരണ വേളയില്‍ ഓരോ ആരോപണവും തെളിയിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണെന്നും, ഈ ചോദ്യം കോടതി രേഖകളില്‍ നിലനിര്‍ത്തുന്നത് കൊണ്ട് മാത്രം ഭാര്യയ്ക്ക് യാതൊരു തരത്തിലുള്ള ദോഷം ഉണ്ടാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് രാഹുല്‍ ഭാരതി ഇക്കാര്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു.

തന്റെ വാദങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ലെങ്കില്‍, അദ്ദേഹത്തിന്റെ ഹര്‍ജി പരാജയപ്പെടുകയും ഭാര്യയുടെ ഭാഗം ശരിവെക്കപ്പെടുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, കിസ് ഇമോജികള്‍ കൈമാറിയതിനായി മാത്രം പ്രത്യേകമൊരു ചോദ്യം കുടുംബ കോടതി തയ്യാറാക്കേണ്ടതില്ലായിരുന്നു എന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കാരണം, ഈ ആരോപണം ക്രൂരത എന്ന വലിയ വാദത്തിന്റെ ഭാഗം മാത്രമാണെന്നും നിലവിലുള്ള ചോദ്യത്തിന് കീഴില്‍ തന്നെ ഇത് കൈകാര്യം ചെയ്യാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിഗത ആരോപണങ്ങളെയും ഓരോ പ്രത്യേക ചോദ്യങ്ങളായി പരിഗണിക്കാന്‍ തുടങ്ങിയാല്‍, ദാമ്പത്യ തര്‍ക്കങ്ങളില്‍ ചോദ്യങ്ങളുടെ ഒരു അനന്തമായ നിര തന്നെ ഉണ്ടാകാന്‍ ഇടയാക്കുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

ഭാര്യ ക്രൂരത കാട്ടുന്നു എന്ന് ആരോപിച്ച് ഭര്‍ത്താവ് ജമ്മുവിലെ കുടുംബ കോടതിയില്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. ഡോക്ടറായ ഭാര്യ മറ്റൊരു പുരുഷന് (ഇയാളും ഒരു ഡോക്ടറാണ്) കിസ് ഇമോജികള്‍ അയക്കുന്നതിനിടെ പിടിക്കപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു കുടുംബ കോടതി തയ്യാറാക്കിയ ചോദ്യങ്ങളില്‍ ഒന്ന്.

2018 മെയ് മാസത്തില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് 2019-ല്‍ ജനിച്ച ഒരു മകളുണ്ട്. ക്രൂരതയെന്ന കാരണം ചൂണ്ടിക്കാട്ടി 2025 ജനുവരിയിലാണ് ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.

തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കുടുംബ കോടതി, ക്രൂരത, കിസ് ഇമോജികള്‍ കൈമാറി, ഭര്‍ത്താവിന്റെ ജീവന് ഭീഷണി, ഭര്‍തൃവീട്ടുകാര്‍ തനിക്ക് വീട്ടില്‍ പ്രവേശനം നിഷേധിച്ചെന്ന ഭാര്യയുടെ വാദം എന്നിവ ഉള്‍പ്പെടുത്തി ചോദ്യങ്ങള്‍ തയ്യാറാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364237/jammu-and-kashmir-and-ladakh-high-court-refuses-to-drop-question-related-to-kiss-emojis-while-hearing-divorce-case-in-family-court)