---
title: "ഉറങ്ങാൻ കിടക്കുമ്പോൾ 113 രൂപ, രാവിലെ നോക്കിയപ്പോൾ 295 കോടി! പ്ലംബറുടെ അക്കൗണ്ടിലേക്ക് കോടികളെത്തി ബിഹാറിൽ വൻ ട്വിസ്റ്റ്"
english_title: "Crores of rupees reached the account of a plumber in Bihar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364211/crores-of-rupees-reached-the-account-of-a-plumber-in-bihar"
published_at: "2026-06-06T12:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23c037f3d71_SDRGFRDEGT.jpg"
keywords: ["LATEST NEWS", "BIHAR", "BANK ACCOUNT", "CRORES", "PLUMBER"]
---

# ഉറങ്ങാൻ കിടക്കുമ്പോൾ 113 രൂപ, രാവിലെ നോക്കിയപ്പോൾ 295 കോടി! പ്ലംബറുടെ അക്കൗണ്ടിലേക്ക് കോടികളെത്തി ബിഹാറിൽ വൻ ട്വിസ്റ്റ്

> **Lead Summary:** ഉറങ്ങാൻ കിടക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 113 രൂപ. എന്നാൽ രാവിലെ മൊബൈലിൽ വന്ന ബാങ്ക് നോട്ടിഫിക്കേഷൻ കണ്ട് ബിഹാറിലെ ഒരു സാധാരണ പ്ലംബർ അന്ധാളിച്ചുപോയി. അക്കൗണ്ടിലെ നിലവിലെ ബാലൻസ് 294.80 കോടി രൂപ! ബിഹാറിലെ ഗയയിലുള്ള മസ്തപുര സ്വദേശിയായ വികാസ് കുമാറിന്റെ അക്കൗണ്ടിലാണ് ഒറ്റരാത്രികൊണ്ട് കോടികൾ കുന്നുകൂടിയത്.

## Article Content

ഉറങ്ങാൻ കിടക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 113 രൂപ. എന്നാൽ രാവിലെ മൊബൈലിൽ വന്ന ബാങ്ക് നോട്ടിഫിക്കേഷൻ കണ്ട് ബിഹാറിലെ ഒരു സാധാരണ പ്ലംബർ അന്ധാളിച്ചുപോയി. അക്കൗണ്ടിലെ നിലവിലെ ബാലൻസ് 294.80 കോടി രൂപ! ബിഹാറിലെ ഗയയിലുള്ള മസ്തപുര സ്വദേശിയായ വികാസ് കുമാറിന്റെ അക്കൗണ്ടിലാണ് ഒറ്റരാത്രികൊണ്ട് കോടികൾ കുന്നുകൂടിയത്.

വ്യാഴാഴ്ച രാവിലെയാണ് വികാസിന്റെ ഫോണിലേക്ക് സന്ദേശമെത്തിയത്. അപ്രതീക്ഷിതമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലേക്ക് എത്തിയതോടെ വികാസ് ഭയന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ യുവാവ് തന്നെ നേരിട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്തതാണോ എന്ന് കണ്ടെത്തണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

> "ഞാനൊരു പ്ലംബറാണ്. എന്റെ അക്കൗണ്ടിൽ ഇത്രയും വലിയൊരു തുക വരാൻ ഒരു സാധ്യതയുമില്ല. ഈ പണം എവിടെ നിന്നാണെന്ന് എനിക്ക് ഒരു ധാരണയുമില്ല. ഇത് എന്റെ പണമല്ല, അതുകൊണ്ട് തന്നെ ഞാനിത് ഉപയോഗിക്കില്ല. ആരെങ്കിലും അക്കൗണ്ട് ദുരുപയോഗം ചെയ്തതാണെങ്കിൽ അവർക്കെതിരെ നടപടി വേണം. പണം തിരികെ പിടിക്കുമ്പോൾ ഉണ്ടാകുന്ന ബാധ്യതകൾ ബാങ്ക് തന്നെ നോക്കണം"- വികാസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി വികാസ് ഉപയോഗിക്കുന്ന ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലാണ് ഈ വൻ തുകയെത്തിയത്. പരമാവധി ഏഴ് ലക്ഷം രൂപയുടെ ഇടപാടുകൾ മാത്രം നടന്നിട്ടുള്ള അക്കൗണ്ടാണിത്. ബുധനാഴ്ച രാത്രി ജോലി ചെയ്ത കാശിൽ നിന്നും 1300 രൂപ വികാസ് പിൻവലിച്ചിരുന്നു. അതിന് ശേഷമാണ് ആദ്യം 94 കോടിയും പിന്നീട് 294.80 കോടിയുമായി ബാലൻസ് ഉയർന്നത്.

ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണോ, അതോ സൈബർ തട്ടിപ്പുകാർ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണോ എന്ന് കണ്ടെത്താൻ ബാങ്ക് റെക്കോർഡുകളും സെർവർ ലോഗുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364211/crores-of-rupees-reached-the-account-of-a-plumber-in-bihar)