---
title: "സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഒട്ടും വൈകിക്കണ്ട; സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു"
english_title: "Gold prices have fallen in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364161/Gold-prices-have-fallen-in-Kerala"
published_at: "2026-06-06T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a1ad66ade_gold.jpg"
keywords: ["Latest News", "Kerala", "Gold Rate", "Decrease"]
---

# സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഒട്ടും വൈകിക്കണ്ട; സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം: [**സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വൻ ആശ്വാസവും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയും നൽകി ആഭരണ വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞു.

## Article Content

**തിരുവനന്തപുരം: [**സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വൻ ആശ്വാസവും നിക്ഷേപകർക്ക് കനത്ത തിരിച്ചടിയും നൽകി ആഭരണ വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞു.

കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയുടെ വൻ വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും ഇത്രയും വലിയ വിലയിടിവിന് കാരണമായത്. യുഎസിലെ തൊഴിൽ വിപണി പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി കരുത്ത് തെളിയിച്ചതോടെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനകൾ പുറത്തുവന്നു.

ഇതോടെ, വരും ദിവസങ്ങളിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തയാറായേക്കില്ലെന്ന വിലയിരുത്തൽ ശക്തമായി. പലിശനിരക്ക് ദീർഘകാലം ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന ഈ ആശങ്ക ഡോളറിന്റെയും യുഎസ് കടപ്പത്ര നിരക്കുകളുടെയും മൂല്യം വർദ്ധിപ്പിച്ചു.

ഇതേത്തുടർന്ന് ആഗോളതലത്തിൽ സ്വർണ നിക്ഷേപ പദ്ധതികളിൽ (ഗോൾഡ് ഇടിഎഫ്) നിന്നുള്ള നിക്ഷേപം വൻതോതിൽ വിറ്റൊഴിയാൻ തുടങ്ങിയത് വിലയെ താഴേക്ക് പതിപ്പിച്ചു. ഡോളർ ശക്തി പ്രാപിക്കുന്നത് സാധാരണയായി സ്വർണത്തിന്റെ ആഗോള ഡിമാൻഡിനെ ബാധിക്കാറുണ്ട്.

ഇതിന്റെ പ്രതിഫലനമെന്നോണം രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 148.66 ഡോളർ ഇടിഞ്ഞ് 4238.6 ഡോളറിലേക്ക് താഴ്ന്നു. കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വിപണിയിലെ നിലവിലെ ഇടിവ് തുടരുകയാണെങ്കിൽ രാജ്യാന്തര വില ഇനിയും താഴേക്ക് പോകുമെന്നും, അങ്ങനെ വന്നാൽ കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയ്ക്കും താഴെയെത്താൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണവിലയിലും വലിയ കുറവുണ്ടായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച നിരക്ക് പ്രകാരം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപ താഴ്ന്ന് 11,565 രൂപയായി.

അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) നൽകിയ വില പ്രകാരം 18 കാരറ്റിന് ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,505 രൂപയാണ്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും കനത്ത ഇടിവ് പ്രകടമായിട്ടുണ്ട്.

പലിശ നിരക്കിലെ ആശങ്കയും ഡോളറിന്റെ മുന്നേറ്റവും കാരണം രാജ്യാന്തര വിപണിയിൽ വെള്ളി വില ഔൺസിന് 6 ഡോളറോളം ഇടിഞ്ഞ് 67.84 ഡോളറിലെത്തി. ഇതോടെ കേരളത്തിൽ വെള്ളിവില ഗ്രാമിന് 10 രൂപ താഴ്ന്ന് 265 രൂപയിലെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364161/Gold-prices-have-fallen-in-Kerala)