---
title: "'വൈക്കിംഗ്' വേഷത്തിൽ ഹാലണ്ടും സംഘവും; ലോകകപ്പ് ഫോട്ടോഷൂട്ട് വൻ വിവാദത്തിൽ, 'നവ നാസി' ബന്ധമെന്ന് വിമർശനം"
english_title: "Manchester City superstar Erling Haaland and his Norway teammates pose for a photoshoot ahead of the World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364156/manchester-city-superstar-erling-haaland-and-his-norway-teammates-pose-for-a-photoshoot-ahead-of-the-world-cup"
published_at: "2026-06-06T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a239e15e0211_fetyrty.jpg"
keywords: ["World Cup", "Manchester City", "sports", "photoshoot", "Erling Haaland"]
---

# 'വൈക്കിംഗ്' വേഷത്തിൽ ഹാലണ്ടും സംഘവും; ലോകകപ്പ് ഫോട്ടോഷൂട്ട് വൻ വിവാദത്തിൽ, 'നവ നാസി' ബന്ധമെന്ന് വിമർശനം

> **Lead Summary:** ഓസ്‌ലോ: **[** ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലണ്ടും നോർവേ ടീമംഗങ്ങളും നടത്തിയ വേറിട്ട ഫോട്ടോഷൂട്ട് അന്താരാഷ്ട്ര തലത്തിൽ വിവാദത്തിലേക്ക്. നോർവേയുടെ പരമ്പരാഗത 'വൈക്കിംഗ്' യോദ്ധാക്കളുടെ വേഷമണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ടിനെതിരെ സാമൂഹിക-രാഷ്ട്രീയ വിമർശകർ രംഗത്തെത്തിയതോടെയാണ് സംഭവം ചർച്ചയായത്. ഈ ചിത്രങ്ങൾക്ക് വംശീയ അധിക്ഷേപങ്ങളുടെയും 'നവ നാസി' ആശയങ്ങളുടെയും പശ്ചാത്തലമുണ്ടെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

## Article Content

ഓസ്‌ലോ: **[** ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലണ്ടും നോർവേ ടീമംഗങ്ങളും നടത്തിയ വേറിട്ട ഫോട്ടോഷൂട്ട് അന്താരാഷ്ട്ര തലത്തിൽ വിവാദത്തിലേക്ക്. നോർവേയുടെ പരമ്പരാഗത 'വൈക്കിംഗ്' യോദ്ധാക്കളുടെ വേഷമണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ടിനെതിരെ സാമൂഹിക-രാഷ്ട്രീയ വിമർശകർ രംഗത്തെത്തിയതോടെയാണ് സംഭവം ചർച്ചയായത്. ഈ ചിത്രങ്ങൾക്ക് വംശീയ അധിക്ഷേപങ്ങളുടെയും 'നവ നാസി' ആശയങ്ങളുടെയും പശ്ചാത്തലമുണ്ടെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

അമേരിക്കയിൽ നടക്കുന്ന ലോകകപ്പിനായി തിരിക്കും മുൻപ് ഓസ്‌ലോയിലെ കടൽത്തീരത്ത് വെച്ചായിരുന്നു ഈ പ്രത്യേക ഫോട്ടോഷൂട്ട്. പ്രശസ്ത സ്കോട്ടിഷ് ഫോട്ടോഗ്രാഫർ ഡേവിഡ് യാരോയാണ് ചിത്രങ്ങൾ പകർത്തിയത്. കൈകളിൽ യഥാർത്ഥ പരിചയും വില്ലും മഴുവുമേന്തി, പശ്ചാത്തലത്തിൽ വൈക്കിംഗ് കപ്പലുകളുമായി നിൽക്കുന്ന കളിക്കാരുടെ ചിത്രങ്ങൾ നോർവേ ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ടതോടെയാണ് വൻ വിവാദങ്ങൾക്ക് വഴിതുറന്നത്.

**എന്താണ് വിവാദത്തിന് കാരണം?**

പഴയകാലത്ത് യൂറോപ്പിൽ വലിയ തോതിൽ കൊള്ളയും അധിനിവേശവും ക്രൂരതകളും നടത്തിയിരുന്ന കടൽക്കൊള്ളക്കാരായ വൈക്കിംഗുകളുടെ സംസ്കാരത്തെ മഹത്വവൽക്കരിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഈ ചിത്രങ്ങൾ തീവ്ര ദേശീയത പ്രോത്സാഹിപ്പിക്കുന്നതാണെന്നും സമൂഹത്തിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന ശൈലിയാണെന്നും നോർവീജിയൻ പത്രമായ 'മോർഗൻബ്ലാഡെറ്റി'ലെ പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് സ്ലെത്തോം കുറ്റപ്പെടുത്തി. ഒരു പത്ത് വർഷം മുൻപ് യൂറോപ്പിലെ 'നവ നാസികൾ' മുൻപോട്ടു വെച്ചിരുന്ന ചിന്താഗതികളെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.

നോർവേയുടെ ലോകകപ്പ് ജേഴ്സിയെക്കുറിച്ച് അടുത്തിടെ ഗവേഷകയായ ജെയ്ൻ ഹോഗ് സ്ക്ജോൾഡ്‌ലി നടത്തിയ നിരീക്ഷണങ്ങളും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്. ജേഴ്സിയുടെ പുറകിൽ രേഖപ്പെടുത്തിയിരിക്കുന്ന ചിഹ്നങ്ങൾ ഫാസിസ്റ്റ്-നവനാസി പ്രസ്ഥാനങ്ങൾ ഉപയോഗിക്കുന്ന പ്രതീകാത്മക ഭാഷയ്ക്ക് സമാനമാണെന്നും ഇത് അത്യന്തം അപകടകരമാണെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു.

വിവാദം കൊഴുത്തതോടെ വാർത്താ സമ്മേളനത്തിൽ നോർവേ കോച്ച് സ്റ്റാലെ സോൽബാക്കൻ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ലോകത്ത് ഇതിലും വലുതും ഗൗരവമേറിയതുമായ ഒട്ടനവധി പ്രശ്നങ്ങളുണ്ടെന്നും, ഇത്തരം കാര്യങ്ങൾക്കായി സമയം കളയാൻ തനിക്ക് സൗകര്യമില്ലെന്നുമായിരുന്നു കോച്ചിന്‍റെ മറുപടി.

അതേസമയം, ഫുട്ബോൾ അസോസിയേഷന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങൾക്ക് വൻ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നോർവേയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് ഈ ചിത്രങ്ങളെന്നും ടീമിന്‍റെ ഒത്തൊരുമയാണ് ഇത് കാണിക്കുന്നതെന്നും ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടു. ഫ്രാൻസ്, സെനഗൽ, ഇറാഖ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഇത്തവണ നോർവേ മത്സരിക്കുന്നത്. ഏർലിംഗ് ഹാലണ്ട്, മാർട്ടിൻ ഒഡെഗാർഡ് എന്നിവരടങ്ങുന്ന നോർവേയുടെ സുവർണ്ണ തലമുറയിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

[https://x.com/nff_landslag/status/2062634419697987777?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2062634419697987777%7Ctwgr%5Ec1fa42a6c881f6964128ac5b48e1be15b9463e0c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fworld-cup-shoot-sparks-fury-erling-haaland-and-norway-team-mates-slammed-over-neo-nazi-and-chauvinistic-viking-imagery-articleshow-2ulxm4n](https://x.com/nff_landslag/status/2062634419697987777?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2062634419697987777%7Ctwgr%5Ec1fa42a6c881f6964128ac5b48e1be15b9463e0c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fworld-cup-shoot-sparks-fury-erling-haaland-and-norway-team-mates-slammed-over-neo-nazi-and-chauvinistic-viking-imagery-articleshow-2ulxm4n)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364156/manchester-city-superstar-erling-haaland-and-his-norway-teammates-pose-for-a-photoshoot-ahead-of-the-world-cup)