---
title: "ലഹരി മാഫിയയുടെ വേരറുക്കാൻ 'ഓപ്പറേഷൻ തൂഫാൻ'; മൂന്ന് ദിവസത്തിനിടെ 795 പേർ അറസ്റ്റിൽ, 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി"
english_title: "795 people arrested in three days in Operation Toofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364081/795-people-arrested-in-three-days-in-operation-toofan"
published_at: "2026-06-05T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a115eea751f0_Ramesh_Chennithala_Launches_Operation_Toofan_The_Narco_Hunt_Project.jpg"
keywords: ["Latest News", "Thiruvanandapuram", "Operation Thoofan", "795 People Arrested"]
---

# ലഹരി മാഫിയയുടെ വേരറുക്കാൻ 'ഓപ്പറേഷൻ തൂഫാൻ'; മൂന്ന് ദിവസത്തിനിടെ 795 പേർ അറസ്റ്റിൽ, 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

> **Lead Summary:** **തിരുവനന്തപുരം: [**സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നതായി അധികൃതർ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: [**സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നതായി അധികൃതർ വ്യക്തമാക്കി.

പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസറായ ഐ.ജി. പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർശനമായ റെയ്ഡുകളും പരിശോധനകളുമാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി സ്‌പെഷ്യൽ ബ്രാഞ്ചിൽ പ്രത്യേക ഇന്റലിജൻസ് ടീമിനേയും നിയോഗിച്ചിട്ടുണ്ട്.

ജൂൺ രണ്ടിന് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷമുള്ള വെറും മൂന്ന് ദിവസത്തിനുള്ളിൽ 728 കേസുകളിലായി 795 പേരെയാണ് സംസ്ഥാനത്തുടനീളം അറസ്റ്റ് ചെയ്തത്. വിപണിയിൽ 60 ലക്ഷം രൂപയോളം വിലമതിക്കുന്ന 625 ഗ്രാം എം.ഡി.എം.എയും 48.49 കിലോഗ്രാം കഞ്ചാവും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഇതിനകം പിടിച്ചെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര ലഹരി മാഫിയയിലെ രണ്ട് പ്രധാന കണ്ണികളെ ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് പിടികൂടാനായത് ഈ ഓപ്പറേഷന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു നൈജീരിയൻ പൗരനെയും പെരിനാട് പൊലീസ് കേസിൽ ഒരു വിദേശ വനിതയെയുമാണ് വലയിലാക്കിയത്. നിലവിൽ 84 പോലീസ് ഡിവിഷനുകളിലായി 16 അംഗങ്ങൾ വീതമുള്ള നാല് പ്രത്യേക ടീമുകൾ രൂപീകരിച്ച് പകലും രാത്രിയും ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ട്.

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വളരുന്ന മയക്കുമരുന്ന് ശൃംഖലകൾക്ക് ഇതൊരു ശക്തമായ മുന്നറിയിപ്പാണെന്നും സ്‌കൂൾ പരിസരങ്ങളിലെ പുകയില-ലഹരി ഉത്പന്നങ്ങളുടെ വിപണനം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ലഹരി ഇടപാടുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് 9497979794, 9497927797 എന്നീ നമ്പറുകളിലോ, 9995966666 എന്ന വാട്‌സാപ്പ് നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ പേരോ മറ്റ് വിശദാംശങ്ങളോ യാതൊരു കാരണവശാലും പുറത്തുവിടില്ലെന്ന് പൊലീസ് ഉറപ്പുനൽകുന്നു.

നിലവിൽ ഈ ജനകീയ പോരാട്ടത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് സമൂഹത്തിൽ നിന്ന് ലഭിക്കുന്നത്. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ടീമും നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ സെലിബ്രിറ്റികളും പോലീസിന്റെ ഈ ഹരിത ദൗത്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

കൂടാതെ വിവിധ സാമൂഹിക പ്രവർത്തകരും മത-സാമുദായിക സംഘടനകളും ലഹരിക്കെതിരെയുള്ള ഈ മഹാമാരിയിൽ പോലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364081/795-people-arrested-in-three-days-in-operation-toofan)