---
title: "മണിപ്പൂരിൽ വീണ്ടും അക്രമം: കുക്കി ഗ്രാമത്തിൽ മൂന്ന് പേരെ വെടിവെച്ചുകൊന്നു; വീടുകൾക്ക് തീയിട്ടു"
english_title: "Attack on Kuki village in Manipur; Three people including a couple killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364072/attack-on-kuki-village-in-manipur-three-people-including-a-couple-killed"
published_at: "2026-06-05T17:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22b3ea27f54_dthgff.jpg"
keywords: ["latest news", "Kuki village", "manipur", "killed"]
---

# മണിപ്പൂരിൽ വീണ്ടും അക്രമം: കുക്കി ഗ്രാമത്തിൽ മൂന്ന് പേരെ വെടിവെച്ചുകൊന്നു; വീടുകൾക്ക് തീയിട്ടു

> **Lead Summary:** ഇംഫാൽ: **[**മണിപ്പൂരിൽ വീണ്ടും സായുധ അക്രമം. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോൽ ഖുള്ളർ എന്ന കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് തോക്കുധാരികളായ അജ്ഞാത സംഘം ഗ്രാമത്തിന് നേരെ വെടിവെയ്പ്പ് നടത്തിയത്.

## Article Content

ഇംഫാൽ: **[**മണിപ്പൂരിൽ വീണ്ടും സായുധ അക്രമം. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോൽ ഖുള്ളർ എന്ന കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് തോക്കുധാരികളായ അജ്ഞാത സംഘം ഗ്രാമത്തിന് നേരെ വെടിവെയ്പ്പ് നടത്തിയത്.

ലെറ്റ്‌ഹോങ്ഗം ഹാക്കിപ് (34), ഭാര്യ ടിൻമാരി ഹാക്കിപ് (30), ജങ്മിൻലാൻ ഹാക്കിപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ അക്രമികൾ പ്രദേശത്തെ ഏഴ് വീടുകൾക്ക് തീയിടുകയും ചെയ്തു.

ആക്രമണത്തിന് പിന്നിൽ നാഗാ സായുധ സംഘമാണെന്ന് കുക്കി വിഭാഗം ആരോപിച്ചെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 14 കുക്കി ഗ്രാമവാസികളെ നാഗാ ഗ്രൂപ്പുകൾ തടവിലാക്കിയതായും, പകരം ആറ് നാഗാ യുവാക്കളെ കുക്കി വിഭാഗം തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.

ആക്രമണത്തെ കുക്കി വിഭാഗങ്ങളുടെ സംഘടനയായ 'കുക്കി ഇൻപി മണിപ്പൂർ' ശക്തമായി അപലപിച്ചു. നിരപരാധികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും വീടുകൾ നശിപ്പിക്കുന്നതും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും, എന്തിന്റെ പേരിലായാലും ഇത്തരം ക്രൂരതകൾ ന്യായീകരിക്കാനാകില്ലെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364072/attack-on-kuki-village-in-manipur-three-people-including-a-couple-killed)