---
title: "ഈ മഴയത്ത് അടുക്കളയിൽ ഒരു 'കിളിക്കൂട്' കൂട്ടിയാലോ? ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ ഒരു മലബാർ മാജിക്"
english_title: "'Kilikkoodu' snacks recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364065/kilikkoodu-snacks-recipe"
published_at: "2026-06-05T16:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22ad12a5dee_DGFSDTGH.jpg"
keywords: ["COOKERY", "Kilikkoodu"]
---

# ഈ മഴയത്ത് അടുക്കളയിൽ ഒരു 'കിളിക്കൂട്' കൂട്ടിയാലോ? ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ ഒരു മലബാർ മാജിക്

> **Lead Summary:** **[**മഴക്കാലത്തെ വൈകുന്നേരങ്ങളിൽ ചൂടുചായയ്ക്കൊപ്പം കഴിക്കാൻ കട്ട്ലറ്റും പകോഡയും കഴിച്ച് മടുത്തവർക്ക് ഇതാ ഒരു കിടിലൻ വെറൈറ്റി പലഹാരം. രൂപത്തിലും രുചിയിലും ഒരുപോലെ കൊതിപ്പിക്കുന്ന മലബാറിന്റെ സ്വന്തം 'കിളിക്കൂട്'. പുറത്ത് നല്ല ക്രിസ്പിയായ സേമിയയുടെ മൊരിപ്പും ഉള്ളിൽ നല്ല എരിവുള്ള ചിക്കൻ മസാലയും ചേരുമ്പോൾ ഈ മഴക്കാലം വേറെ ലെവലാകും. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഈ വിഭവം എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...**

## Article Content

**[**മഴക്കാലത്തെ വൈകുന്നേരങ്ങളിൽ ചൂടുചായയ്ക്കൊപ്പം കഴിക്കാൻ കട്ട്ലറ്റും പകോഡയും കഴിച്ച് മടുത്തവർക്ക് ഇതാ ഒരു കിടിലൻ വെറൈറ്റി പലഹാരം. രൂപത്തിലും രുചിയിലും ഒരുപോലെ കൊതിപ്പിക്കുന്ന മലബാറിന്റെ സ്വന്തം 'കിളിക്കൂട്'. പുറത്ത് നല്ല ക്രിസ്പിയായ സേമിയയുടെ മൊരിപ്പും ഉള്ളിൽ നല്ല എരിവുള്ള ചിക്കൻ മസാലയും ചേരുമ്പോൾ ഈ മഴക്കാലം വേറെ ലെവലാകും. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഈ വിഭവം എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...**

ആവശ്യമായ ചേരുവകൾ **

ബോൺലെസ്സ് ചിക്കൻ (എല്ലില്ലാത്ത കോഴിയിറച്ചി): ഒരു കപ്പ് (അല്പം മഞ്ഞൾപ്പൊടിയും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവിച്ച് കൈകൊണ്ട് പിച്ചിക്കീറിയത്)

ഉരുളക്കിഴങ്ങ്: രണ്ട് ഇടത്തരം വലുപ്പമുള്ളത് (പുഴുങ്ങി നന്നായി ഉടച്ചുവെച്ചത്)

സവാള: ഒരെണ്ണം (വളരെ ചെറുതായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു ചെറിയ സ്പൂൺ

പച്ചമുളക്: രണ്ടെണ്ണം (പൊടിയായി അരിഞ്ഞത്)

മഞ്ഞൾപ്പൊടി: കാൽ ചെറിയ സ്പൂൺ

മുളകുപൊടി: അര ചെറിയ സ്പൂൺ

ഗരം മസാല പൊടി: അര ചെറിയ സ്പൂൺ

കുരുമുളക് പൊടി: ഒരു ചെറിയ സ്പൂൺ

മല്ലിയില, കറിവേപ്പില: ആവശ്യത്തിന് (പൊടിയായി അരിഞ്ഞത്)

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ: രണ്ട് വലിയ സ്പൂൺ

മുട്ട: ഒരെണ്ണം (അല്പം ഉപ്പും കുരുമുളകും ചേർത്ത് നന്നായി അടിച്ചുവെച്ചത്)

വറുക്കാത്ത സേമിയ (Vermicelli): ഒരു കപ്പ് (കൈകൊണ്ട് നന്നായി പൊടിച്ചു വെക്കണം)

വറുത്തെടുക്കാൻ: ആവശ്യത്തിന് എണ്ണ

**ഉണ്ടാക്കുന്ന വിധം **

ഒരു പാനിൽ രണ്ട് വലിയ സ്പൂൺ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള വാടി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

ഇതിലേക്ക് വേവിച്ച് പിച്ചിവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ട് മിനിറ്റിന് ശേഷം പുഴുങ്ങി ഉടച്ചുവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് കൈകൊണ്ട് നന്നായി ഉടച്ച് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. ഈ കൂട്ട് ചെറുതായി തണുക്കാൻ അനുവദിക്കുക.

മസാലക്കൂട്ട് നന്നായി തണുത്ത ശേഷം അതിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഒാവൽ (മുട്ടയുടെ) ആകൃതിയിലോ അല്ലെങ്കിൽ സാധാരണ കട്ട്ലറ്റ് പോലെയോ ഉരുട്ടിയെടുക്കുക.

തയ്യാറാക്കിവെച്ച ഓരോ ചിക്കൻ ഉരുളകളും ആദ്യം അടിച്ചു വച്ചിരിക്കുന്ന മുട്ടയുടെ കൂട്ടിൽ മുക്കുക. അതിനുശേഷം ഇത് പൊടിച്ചു വെച്ചിരിക്കുന്ന സേമിയയിലേക്ക് ഇട്ട് എല്ലാ ഭാഗത്തും സേമിയ നന്നായി പറ്റിപ്പിടിക്കുന്ന രീതിയിൽ കോട്ട് ചെയ്തെടുക്കുക. (ഇപ്പോൾ ഇത് കാണാൻ ഒരു കുഞ്ഞു കിളിക്കൂട് പോലെ തോന്നും).

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം തീ മീഡിയം അളവിലാക്കി, തയ്യാറാക്കിവെച്ച കിളിക്കൂട്ടുകൾ ഓരോന്നായി എണ്ണയിലിട്ട് കൊടുക്കുക. സേമിയ എല്ലാ ഭാഗവും നന്നായി മൊരിഞ്ഞ് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം.

രുചി കൂട്ടാൻ ഒരു ട്രിക്ക്: കൂടുതൽ ഭംഗിക്കായി കിളിക്കൂട് വറുത്ത കോരിയ ശേഷം, അതിന്റെ നടുവിലായി ഓരോ പുഴുങ്ങിയ കാടമുട്ട  കൂടി വെച്ച് ടൊമാറ്റോ സോസിനൊപ്പം വിളമ്പിയാൽ കുട്ടികൾക്ക് ഇത് ഇരട്ടി സന്തോഷമാകും!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364065/kilikkoodu-snacks-recipe)