---
title: "  ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ, മാസ്ക് ധരിച്ച ആ രണ്ടംഗ സംഘം ആര്? പ്രൊഫസറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം "
english_title: "Investigation intensifies into professor's murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364062/investigation-intensifies-into-professors-murder"
published_at: "2026-06-05T16:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a9912aeba_CRIME.jpg"
keywords: []
---

#   ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ, മാസ്ക് ധരിച്ച ആ രണ്ടംഗ സംഘം ആര്? പ്രൊഫസറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം 

> **Lead Summary:** **ദില്ലി: ** ദില്ലിയിൽ പ്രൊഫസറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളേജിലെ അസിസ്റ്റൻ്റ് പൊഫസറായ ദേബോസ്മിത പോളാണ് കൊല്ലപ്പെട്ടത് .

## Article Content

**ദില്ലി: ** ദില്ലിയിൽ പ്രൊഫസറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളേജിലെ അസിസ്റ്റൻ്റ് പൊഫസറായ ദേബോസ്മിത പോളാണ് കൊല്ലപ്പെട്ടത് .

യുവതിയുടെ ഫ്ലാറ്റിലെത്തിയ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മാസ്ക് ധരിച്ചും കൈയിൽ ബാഗുകളുമായും എത്തിയ പുരുഷനും സ്ത്രീയും 30 മിനിറ്റിന് ശേഷം ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് പോയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ എത്തിയത് കൊലപാതകത്തിന് മുൻപാണോ ശേഷമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഈസ്റ്റ് ദില്ലിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെൻ്റ്സിലെ ഫ്ലാറ്റിലാണ് ദേബോസ്മിത പോളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ദേബോസ്മിത മാത്രമായിരുന്നു താമസിച്ചിരുന്നത്.

ദേബോസ്മിതയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് സഹോദരി ദേവരതി പോൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ദേബോസ്മിതയുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിനിടെ, ദേവരതി ഫ്ലാറ്റിൽ എത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് ഫ്ലാറ്റിൽ പ്രവേശിപ്പിച്ചപ്പോഴാണ് സഹോദരിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ മൂന്നിനാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തൽ. അന്നേദിവസം ഉച്ചകഴിഞ്ഞ് 3:20നാണ് രണ്ടംഗ സംഘം ദേബോസ്മിതയുടെ ഫ്ലാറ്റിൽ എത്തിയത്. സ്വകാര്യ വാഹനത്തിൽ അപ്പാർട്ട്മെൻ്റിൽ എത്തിയ മൂവർ സംഘത്തിൽ രണ്ടുപേരാണ് ഫ്ലാറ്റിൽ എത്തിയതെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. ഇവർ മാസ്ക് ധരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബാഗുകളും ഇവരുടെ പക്കലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364062/investigation-intensifies-into-professors-murder)