---
title: "പണം കിട്ടാത്തതിന് മാനസിക വൈകല്യമുള്ള കുട്ടിയോട് ക്രൂരത; ശസ്ത്രക്രിയ കഴിഞ്ഞ കാൽ ഡോക്ടർ വീണ്ടും ഒടിച്ചതായി പരാതി"
english_title: "Cruelty to mentally challenged child for not getting money; Complaint that doctor broke his leg again after surgery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364055/cruelty-to-mentally-challenged-child-for-not-getting-money-complaint-that-doctor-broke-his-leg-again-after-surgery"
published_at: "2026-06-05T16:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a666305d0_Complaint_that_doctor_broke_his_leg_again_after_surgery.jpg"
keywords: ["Latest News", "Muzaffarnagar", "Medical Negligence", "Uttar Pradesh News"]
---

# പണം കിട്ടാത്തതിന് മാനസിക വൈകല്യമുള്ള കുട്ടിയോട് ക്രൂരത; ശസ്ത്രക്രിയ കഴിഞ്ഞ കാൽ ഡോക്ടർ വീണ്ടും ഒടിച്ചതായി പരാതി

> **Lead Summary:** മുസാഫർനഗർ: 14 വയസ്സുള്ള മാനസിക വൈകല്യമുള്ള പെൺകുട്ടിക്ക് ചികിത്സ തേടിയെത്തിയ വിധവയായ അമ്മയോട് ഡോക്ടറുടെ കണ്ണില്ലാത്ത ക്രൂരത. കുട്ടിയുടെ കാലിലെ ശസ്ത്രക്രിയയ്ക്കായി ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25,000 രൂപയായിരുന്നു. ഈ തുക നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടർ കുട്ടിയുടെ കാൽ വീണ്ടും ഒടിച്ചതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.

## Article Content

മുസാഫർനഗർ: 14 വയസ്സുള്ള മാനസിക വൈകല്യമുള്ള പെൺകുട്ടിക്ക് ചികിത്സ തേടിയെത്തിയ വിധവയായ അമ്മയോട് ഡോക്ടറുടെ കണ്ണില്ലാത്ത ക്രൂരത. കുട്ടിയുടെ കാലിലെ ശസ്ത്രക്രിയയ്ക്കായി ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25,000 രൂപയായിരുന്നു. ഈ തുക നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടർ കുട്ടിയുടെ കാൽ വീണ്ടും ഒടിച്ചതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ഈ അഴിമതിയും ചികിത്സാപ്പിഴവും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ നൽകിയ 8,000 രൂപയ്ക്ക് പുറമേ ബാക്കി തുക കൂടി നൽകാത്തതാണ് ഈ ക്രൂരതയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനെ തുടർന്ന് പതിനാലുകാരിയായ പെൺകുട്ടിയുടെ കാലിലെ പരിക്ക് ഡോക്ടർ ബോധപൂർവ്വം വഷളാക്കിയെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

പരാതി നൽകിയ രേഷ്മ എന്ന വിധവയായ സ്ത്രീയുടെ മകൾക്ക് ഏകദേശം ആറാഴ്ച മുമ്പ് ജില്ലാ ആശുപത്രിയിൽ വെച്ച് വലതുകാലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം സൌജന്യമായി ചെയ്യേണ്ട ഈ ശസ്ത്രക്രിയയ്ക്കായി ആശുപത്രി ജീവനക്കാർ ഇവരോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത്രയും തുക നൽകാൻ സാമ്പത്തികമായി ശേഷിയില്ലാതിരുന്ന രേഷ്മ, ചികിൽസയ്ക്കായി ബുദ്ധിമുട്ടുകയും തുടർന്ന് സഹായത്തിനായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ ഇടപെടലിനെ തുടർന്ന് കുട്ടിക്ക് സൌജന്യ ചികിൽസ ഉറപ്പാക്കാൻ ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. എങ്കിലും അധികാരികളുടെ ഉത്തരവ് മറികടന്നുകൊണ്ട് ആശുപത്രി ജീവനക്കാർ പണം ആവശ്യപ്പെടുന്നത് തുടരുകയും, ഒടുവിൽ 8,000 രൂപ വാങ്ങിയ ശേഷം ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് അറിയിക്കുകയുമായിരുന്നു.

തുടർന്ന് ചികിൽസയ്ക്ക് ശേഷമുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായതും തർക്കമുണ്ടായതും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അകത്തേക്ക് വിളിക്കുകയും, പരിശോധനയ്ക്കിടയിൽ കുട്ടിയുടെ മുട്ട് ശക്തിയായി ബലപ്രയോഗത്തിലൂടെ മടക്കുകയും ചെയ്തു എന്ന് അമ്മ ആരോപിക്കുന്നു. ഈ സമയത്ത് കുട്ടി വേദന കൊണ്ട് നിലവിളിച്ചതായും ഒടിവുണ്ടാകുന്നത് പോലുള്ള ഒരു ശബ്ദം കേട്ടതായും രേഷ്മ പറയുന്നു. ഈ സംഭവത്തിന് ശേഷം കുട്ടിയുടെ കാലിന്റെ അവസ്ഥ കൂടുതൽ മോശമായി. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് അവഗണിക്കുകയാണുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364055/cruelty-to-mentally-challenged-child-for-not-getting-money-complaint-that-doctor-broke-his-leg-again-after-surgery)