---
title: "കേരളത്തിൽ കാലവർഷം കനക്കുന്നു;  കോഴിക്കോട്ടും കോട്ടയത്തും മതിൽ ഇടിഞ്ഞുവീണു, ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം"
english_title: "Monsoon hits Kerala; Heavy rain and winds cause widespread damage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364050/monsoon-hits-kerala-heavy-rain-and-winds-cause-widespread-damage"
published_at: "2026-06-05T15:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a1bf3129e_raineffect.jpg"
keywords: ["Monsoon", "Kerala", "Heavy Rain", "Widespread Damage"]
---

# കേരളത്തിൽ കാലവർഷം കനക്കുന്നു;  കോഴിക്കോട്ടും കോട്ടയത്തും മതിൽ ഇടിഞ്ഞുവീണു, ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

> **Lead Summary:** **കൊച്ചി: **കേരളത്തിൽ കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും മൂലമുള്ള കെടുതികളാണ് റിപ്പോർട്ട് ചെയ്യുന്നത്.

## Article Content

**കൊച്ചി: **കേരളത്തിൽ കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും മൂലമുള്ള കെടുതികളാണ് റിപ്പോർട്ട് ചെയ്യുന്നത്.

കോഴിക്കോടും കോട്ടയത്തുമായി മതിൽ ഇടിഞ്ഞുവീണും വീടുകളുടെ മേൽക്കൂര തകർന്നുമുണ്ടായ അപകടങ്ങളിൽ വൻ നാശനഷ്ടമുണ്ടായി.  കോഴിക്കോട് ഹൽവ ബസാറിലെ കടയുടെ മതിലാണ് ഇടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് രണ്ട് സ്കൂട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.

ജില്ലയില്‍ ഇന്ന് അതിശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു. കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു വീണിരുന്നു. കോഴിക്കോട് ഹൽവ ബസാറിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

കനത്ത മഴയെ തുടർന്ന് കോട്ടയത്ത്‌ മതിൽ ഇടിഞ്ഞു വീണു. അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക്കാണ് മണ്ണിടിഞ്ഞത്. രാവിലെ 9.30 യോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം തകർന്നു.

കോട്ടയത്ത് കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നുവീണു. അമ്മഞ്ചേരി നാൽപ്പാത്തി മലയിലാണ് സംഭവം. ബിനോയ് മാത്യുവിന്റെ വീടാണ് തകർന്നത്. സംഭവത്തിൽ ബിനോയുടെ ഭാര്യക്കും രണ്ടു മക്കൾക്കും പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് വിവരം.

മലപ്പുറത്ത് അതിശക്തമായ മഴയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഓട്ടോറിക്ഷ തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പുളിക്കൽ മുഴങ്ങല്ലൂരിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. ഏഴോളം പോസ്റ്റുകളാണ് തകർന്ന് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് വിവിധയിടങ്ങളിൽ മഴ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364050/monsoon-hits-kerala-heavy-rain-and-winds-cause-widespread-damage)