---
title: "'വെറുമൊരു കയറും തകിടുമാണോ ഈ ചെരിപ്പ്?' ഫാഷൻ ലോകത്തെ ഞെട്ടിച്ച് ചാനലിന്റെ 'ബെയർഫൂട്ട് സാൻഡൽസ്'"
english_title: "Chanel's 'Barefoot Sandals' Shocks the Fashion World"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364037/chanels-barefoot-sandals-shocks-the-fashion-world"
published_at: "2026-06-05T15:02:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2298cf0aec6_Chanels_Barefoot_Sandals_Shocks_the_Fashion_World.jpg"
keywords: ["Fashion", "Chanel", "Barefoot Sandals", "Fashion Trends 2026", "Luxury Fashion"]
---

# 'വെറുമൊരു കയറും തകിടുമാണോ ഈ ചെരിപ്പ്?' ഫാഷൻ ലോകത്തെ ഞെട്ടിച്ച് ചാനലിന്റെ 'ബെയർഫൂട്ട് സാൻഡൽസ്'

> **Lead Summary:** ഫാഷൻ ലോകത്തെ പരീക്ഷണങ്ങൾ പലപ്പോഴും നമ്മളെ അമ്പരപ്പിക്കാറുണ്ട്. ചിലത് കാണുമ്പോൾ 'ഇതെന്ത് ഫാഷൻ!' എന്ന് മൂക്കത്ത് വിരൽ വച്ചുപോകും. അത്തരത്തിലൊരു പുത്തൻ ഡിസൈനാണ് ഇപ്പോൾ ഇന്റർനെറ്റിലെ ഹോട്ട് ടോപ്പിക്. പ്രമുഖ ലക്ഷ്വറി ബ്രാൻഡായ 'ചാനൽ' തങ്ങളുടെ 'ക്രൂയിസ് 2026/27' കളക്ഷന്റെ ഭാഗമായി അവതരിപ്പിച്ച 'ബെയർഫൂട്ട് സാൻഡൽസ്' ആണ് സോഷ്യൽ മീഡിയയിൽ ട്രോളുകളായും ചർച്ചകളായും നിറയുന്നത്.

## Article Content

ഫാഷൻ ലോകത്തെ പരീക്ഷണങ്ങൾ പലപ്പോഴും നമ്മളെ അമ്പരപ്പിക്കാറുണ്ട്. ചിലത് കാണുമ്പോൾ 'ഇതെന്ത് ഫാഷൻ!' എന്ന് മൂക്കത്ത് വിരൽ വച്ചുപോകും. അത്തരത്തിലൊരു പുത്തൻ ഡിസൈനാണ് ഇപ്പോൾ ഇന്റർനെറ്റിലെ ഹോട്ട് ടോപ്പിക്. പ്രമുഖ ലക്ഷ്വറി ബ്രാൻഡായ 'ചാനൽ' തങ്ങളുടെ 'ക്രൂയിസ് 2026/27' കളക്ഷന്റെ ഭാഗമായി അവതരിപ്പിച്ച 'ബെയർഫൂട്ട് സാൻഡൽസ്' ആണ് സോഷ്യൽ മീഡിയയിൽ ട്രോളുകളായും ചർച്ചകളായും നിറയുന്നത്.

എന്താണ് ഈ 'അടിഭാഗമില്ലാത്ത' മാജിക്?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാലിൽ ഒന്നും ധരിച്ചിട്ടില്ല എന്ന ഫീലാണ് ഈ സാൻഡൽ നൽകുന്നത്. ഇതിന് സാധാരണ ചെരിപ്പുകളെപ്പോലെ അടിത്തറയോ (Sole) ഭാരമോ ഇല്ല!

ഡിസൈൻ ഭംഗി: സ്വർണ്ണനിറത്തിലുള്ള മെറ്റാലിക് ബട്ടർഫ്ലൈ (ചിത്രശലഭം) ഡിസൈൻ, കാലിലേക്ക് ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ലേസ് സ്ട്രാപ്പുകൾ.

പുതിയ ട്രെൻഡ്: ഒരു ചെരിപ്പ് എന്നതിലുപരി കാലിൽ അണിയുന്ന ഒരു ആഭരണം പോലെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫാഷൻ ലോകം ഇതിനെ 'Jewellery-inspired footwear' എന്നാണ് വിളിക്കുന്നത്.

വില കേട്ടാൽ കണ്ണ് തള്ളും!

ഈ അപൂർവ്വ സാൻഡലിന്റെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഫാഷൻ വിദഗ്ധരുടെ കണക്കുകൂട്ടൽ അനുസരിച്ച് ഇതിന് 1,500 മുതൽ 2,000 യുഎസ് ഡോളർ വരെ വില വരാം. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 1,25,000 മുതൽ 1,65,000 രൂപ വരെ! ഈ വർഷം (2026) നവംബറോടെ ഈ ചെരിപ്പുകൾ വിപണിയിൽ ലഭ്യമാകുമെന്നാണ് സൂചന. 'Less is more' എന്ന മിനിമലിസ്റ്റിക് ആശയത്തിന്റേയും ആഡംബരത്തിന്റേയും അവസാന വാക്കായാണ് ചാനൽ ഈ ഡിസൈനെ അവതരിപ്പിക്കുന്നത്.

സാരി, സ്ലിറ്റ് ഗൗൺ, ഷോർട്ട് ഡ്രസ്സുകൾ, കാഷ്വൽ ഡെനിം എന്നിവയ്‌ക്കൊപ്പമെല്ലാം അതിവേഗം മാച്ച് ചെയ്യാം എന്നതാണ് ഫാഷൻ പ്രേമികളെ ഇതിലേക്ക് ആകർഷിക്കുന്നത്. ബീച്ച് ഫാഷനും റിസോർട്ട് വെയറുകൾക്കും ഇത് ലുക്ക് ഇരട്ടിയാക്കും.

> എങ്കിലും, ട്രോളന്മാർക്ക് ഇതൊരു ചാകരയാണ്. "വെറുമൊരു കയറും തകിടും മാത്രമുള്ള ഇതിനെയാണോ ചെരിപ്പ് എന്ന് വിളിക്കുന്നത്?" എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ധരിക്കുമ്പോഴുള്ള കംഫർട്ടിനേക്കാൾ ലുക്കിന് പ്രാധാന്യം നൽകുന്ന ഇത്തരം ഡിസൈനുകൾ ഫാഷൻ ലോകത്ത് പുതിയ വിപ്ലവങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364037/chanels-barefoot-sandals-shocks-the-fashion-world)